head 3
head2
head1

എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി ഡാനിഷ് സര്‍ക്കാര്‍

കോപ്പന്‍ഹേഗന്‍ : സമ്മര്‍ അവധി കണക്കിലെടുത്ത് യാത്രകള്‍ക്കുള്‍പ്പടെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കം ചെയ്ത് ഡെന്മാര്‍ക്ക്. ഡെന്മാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല.

മിക്ക യാത്രാ നിയന്ത്രണങ്ങളും ഫെബ്രുവരിയില്‍ ഡെന്മാര്‍ക്ക് നീക്കിയിരുന്നു. എന്നാല്‍ ചെഞ്ചന്‍ പ്രദേശത്തു നിന്നുള്ളവരുള്‍പ്പടെയുള്ള വാക്സിനെടുക്കാത്ത യാത്രികര്‍ക്ക് ചില നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. അവയാണ് ഇപ്പോള്‍ നീക്കിയത്.

അണുബാധയുടെയും ആശുപത്രിവാസത്തിന്റെയും നിരക്ക് രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഡെന്മാര്‍ക്കിലെ ജനസംഖ്യയുടെ 70%ത്തിനും നാല് മാസത്തിനുള്ളില്‍ കോവിഡ് -19 ബാധിച്ചെന്നാണ് നാഷണല്‍ ഏജന്‍സിയായ എസ്എസ്ഐയില്‍ നിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ പാടെ നീക്കിയിരിക്കുകയാണെങ്കിലും വൈറസ് സാഹചര്യം മാറിയാല്‍ യാത്രാ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് ഡാനിഷ് അധികൃതര്‍ വ്യക്തമാക്കി.

നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയത് യാത്രാ-ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനമാകുമെന്നാണ് കരുതുന്നത്. ഒഡെന്‍സിലെ പുതിയ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണ്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ പല അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല. അതിനൊക്കെ അവസരമൊരുക്കുകയാണ് ഡെന്മാര്‍ക്ക്. ഈ വര്‍ഷത്തെ ടൂര്‍ ഡി ഫ്രാന്‍സിന്റെ പ്രാരംഭ ഘട്ടങ്ങള്‍ക്ക് ഡെന്മാര്‍ക്കാണ് ആതിഥേയത്വം വഹിക്കുന്നത്.

Comments are closed.