head 3
head2
head1

നഴ്സുമാരുടെയും തൊഴിലാളികളുടെയും ക്ഷാമം പരിഹരിക്കാന്‍ റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : നഴ്സുമാരുടെയും തൊഴിലാളികളുടെയും ക്ഷാമം പരിഹരിക്കുന്നതിന് അയല്‍ രാജ്യങ്ങളില്‍ റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുകയാണ് ഡെന്മാര്‍ക്ക്. ആദ്യ ഘട്ടത്തില്‍ 1000 നഴ്സുമാരെയാണ് നിയമിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഫുഡ് ആന്‍ഡ് റെസ്റ്റോറന്റ് മേഖലയിലും റിക്രൂട്ട്മെന്റുണ്ടാകും.

രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം സാമ്പത്തിക തിരിച്ചുവരവിന് വന്‍ പ്രതിസന്ധിയാകുന്ന പശ്ചാത്തലത്തിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.

യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി മണിക്കൂര്‍ വേതനം നിലനില്‍ക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക്. 2020ല്‍ മണിക്കൂറിന് 39.4 യൂറോയാണ് ഇവിടെ വേതനമെന്ന് യൂറോസ്റ്റാറ്റ് ഡാറ്റകള്‍ പറയുന്നു. മണിക്കൂറിന് 21.5 യൂറോയെന്നതാണ് യൂറോപ്യന്‍ യൂണിയന്‍ ശരാശരി. ഹയറിംഗിനും ഫയറിംഗിനും വ്യക്തവും ലളിതവുമായ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിക്രൂട്ട് ചെയ്യാനും ജോലിയില്‍ നിന്ന് പിരിച്ചുവിടാനുമുള്ള ലളിതമായ വ്യവസ്ഥകള്‍ക്കൊപ്പം തൊഴിലില്ലായ്മ ആനുകൂല്യങ്ങളും പരിശീലനവും സമന്വയിപ്പിക്കുന്ന ഫ്ളെക്സിബിള്‍ ലേബര്‍ മാര്‍ക്കറ്റ് സജ്ജീകരണമാണ് ഡെന്മാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ജര്‍മ്മനിയില്‍ പോപ്പ് അപ് ഹയറിംഗ് സെന്ററുകള്‍

ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ റിക്രൂട്ട്‌മെന്റ് പദ്ധതി നടപ്പാക്കി അയല്‍രാജ്യമായ സ്വീഡന്‍ വിജയംകണ്ടിരുന്നു. ഇതിന്റെ മാതൃകയില്‍ ജര്‍മ്മനിയില്‍ പോപ്പ് അപ് ഹയറിംഗ് സെന്ററുകള്‍ തുടങ്ങുകയാണ് ഡെന്മാര്‍ക്ക്.

യൂറോപ്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എംപ്ലോയ്‌മെന്റ് മന്ത്രി പീറ്റര്‍ ഹമ്മല്‍ഗാര്‍ഡ് തോംസെന്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടത്തില്‍ എണ്ണക്കുറവു നേരിടുന്ന നഴ്സുമാരെയാകും ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഹമ്മല്‍ഗാര്‍ഡ് തോംസെന്‍ സ്ഥിരീകരിച്ചു. ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ കഴിഞ്ഞ സമ്മറില്‍ നഴ്സുമാര്‍ പണിമുടക്ക് നടത്തിയിരുന്നു. 50 വര്‍ഷത്തിനിടയിലെ ഏറ്റവും നീണ്ട പണിമുടക്കായിരുന്നു ഇത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.