head1
head2
head 3

ഉക്രൈനിന് റെക്കോര്‍ഡ് തുകയുടെ സാമ്പത്തിക സഹായവുമായി ഡെന്‍മാര്‍ക്ക്

ശനിയാഴ്ച രാത്രി നടത്തിയ ധനസമാഹരണ കോണ്‍സെര്‍ട്ടില്‍ കൂടുതല്‍ തുക ലഭിച്ചതോടെ ഉക്രൈനിലേക്കുള്ള ധനസഹായത്തിനായി ഡെന്മാര്‍ക്ക് സ്വരൂപിച്ച തുക 900 ദശലക്ഷം ക്രോണര്‍ കടന്നു.

ഡെന്മാര്‍ക്കിലെ റെഡ്‌ക്രോസ് 14 ദിവസം കൊണ്ട് സമാഹരിച്ചത് 350 ദശലക്ഷത്തോളം രൂപയാണ്. റെഡ്ക്രോസിന്റെ ചരിത്രത്തില്‍ ഒരു കലക്ഷനിലും ഇത്രയേറെ തുക സമാഹരിച്ചിട്ടില്ലെന്നും ഇത് സമാനതകളില്ലാത്ത ഡാനിഷ് റെക്കോര്‍ഡാണെന്നും റെഡ്‌ക്രോസ്സ് ധനസമാഹരണ മാനേജര്‍ മോര്‍ട്ടന്‍ ജോര്‍ഗെന്‍സണ്‍ പറഞ്ഞു.

ശനിയാഴ്ച കോപ്പന്‍ഹേഗനില്‍, ഉക്രൈനിനായി ഒന്നിച്ച് എന്ന പേരില്‍ 17 സംഗീതജ്ഞര്‍ പങ്കെടുത്ത കണ്‍സേര്‍ട്ട് ഡിആര്‍, ടിവി2 എന്നിവയില്‍ സംപ്രേഷണവും ചെയ്തു. ക്വീന്‍ മാര്‍ഗരീത്തയുടെയും ഹെന്റിക് രാജകുമാരന്റെയും ഫൗണ്ടേഷനില്‍ നിന്നും കിരീടാവകാശികളായ ഫ്രഡറിക്കിന്റെയും മേരിയുടെയും ഫൗണ്ടേഷനുകളില്‍ നിന്നും രാജകുടുംബവും ഒരു ദശലക്ഷം ക്രോണര്‍ സംഭാവന നല്‍കി. ഉക്രൈനിലെ യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്നത് അത്യന്തം ദുഃഖകരമാണെന്നും ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്ക് ശേഷം യൂറോപ്പിലുണ്ടായി വന്ന എല്ലാ പുരോഗതിയും പ്രതീക്ഷയും കണ്മുന്നില്‍ തകര്‍ന്ന് വീഴുകയാണെന്നും രാഞ്ജി റോയല്‍ ഹൗസ്‌ഹോള്‍ഡിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഡാനിഷ് ദുരിതാശ്വാസ സംഘങ്ങളില്‍ ഇതിനകം സ്വരൂപിച്ച 750 ദശലക്ഷം ക്രോണറിന് പുറമെ 165 ദശലക്ഷത്തിലധികം ക്രോണര്‍ കണ്‍സേര്‍ട്ട് സമാഹരിച്ചു. ഇത് ഉക്രൈനിലെ 18 ദുരിതാശ്വാസ സംഘടനകള്‍ക്കായി വിതരണം ചെയ്യും. ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ച ശേഷം 1085 ഉക്രേനിയക്കാര്‍ ഡെന്മാര്‍ക്കില്‍ അഭയം തേടി. മാര്‍ച്ച് 10 വരെയുള്ള കണക്കുകള്‍ ഡാനിഷ് ഇമ്മിഗ്രേഷന്‍ സര്‍വീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

അഭയാര്‍ത്ഥികളെ സ്വീകരിക്കിന്നതിനായി മൂന്ന് പുതിയ അഭയകേന്ദ്രങ്ങളും ഡാനിഷ് ഇമ്മിഗ്രേഷന്‍ സര്‍വീസ് തുറന്നിട്ടുണ്ട്. യുദ്ധം ആരംഭിച്ച ശേഷം 2.5 ദശലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തു. അടിയന്തര സഹായം ആവശ്യമുള്ള 12 ദശലക്ഷത്തോളം ആളുകള്‍ ഉക്രൈനിലുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ അറിയിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.