head2
head 3
head1

നോര്‍വേയില്‍ നിന്ന് പോളണ്ടിലേക്ക് ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഡെന്മാര്‍ക്കിന്റെ അനുമതി

കോപ്പന്‍ഹേഗന്‍ : റഷ്യന്‍ വാതകത്തിന്റെ ആശ്രിതത്വം കുറയ്ക്കാനായി നോര്‍വെയ്ക്കും പോളണ്ടിനും ഇടയില്‍ പുതിയ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഡെന്മാര്‍ക്ക് അനുമതി നല്‍കി. ‘ബാള്‍ട്ടിക് പദ്ധതി’ എന്ന് പേരിട്ട ദൗത്യത്തിലൂടെ ബാള്‍ട്ടിക് കടല്‍ വഴി പോളണ്ടിന് നോര്‍വീജിയന്‍ വാതകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

പൈപ്പ് ലൈനിന് 10 ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകത്തിന്റെ വാര്‍ഷിക ഗതാഗത ശേഷി ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച പുതിയ പാരിസ്ഥിതിക അനുമതി ലഭിച്ചതായി ഡാനിഷ് എനര്‍ജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജര്‍ അറിയിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം കടലിനടിയിലെ വാതക പൈപ്പ് ലൈനിനുള്ള പെര്‍മിറ്റ് കഴിഞ്ഞ വര്‍ഷം അധികൃതര്‍ നിരസിച്ചിരുന്നു.

2021 മെയ് മുതല്‍ ഈസ്റ്റ് ജട്‌ലാന്ഡിന്റെയും വെസ്റ്റ് ഫ്യൂനെന്റയും ഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാവും. ബാള്‍ട്ടിക് പൈപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രകൃതിയെയും വന്യജീവികളെയും കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പ്രധാന പ്രൊജക്റ്റ് മാനേജര്‍ സോറന്‍ ജൂള്‍ ലാര്‍സെന്‍ അറിയിച്ചു.

പൈപ്പ് ലൈന്‍ സംരക്ഷിത ജന്തുജാലങ്ങളില്‍ വരുത്തുന്ന ആഘാതത്തെക്കുറിച്ച് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ മുതല്‍ പൈപ്പ് ലൈന്‍ ഭാഗികമായി കമ്മീഷന്‍ ചെയ്യുമെന്നും 2023 ജനുവരി ആദ്യം തന്നെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും എനര്‍ജിനെറ്റ് പ്രതീക്ഷിക്കുന്നു. 215 മില്യണ്‍ യൂറോ ധനസഹായമാണ് ബാള്‍ട്ടിക് പദ്ധതിക്കായി യൂറോപ്യന്‍ യൂണിയന്‍ മാറ്റി വച്ചിരിക്കുന്നത്. റഷ്യയുമായുള്ള വാതക കരാര്‍ 2022 നപ്പുറം നീളില്ലെന്ന് 2019 ല്‍ തന്നെ പോളണ്ട് പ്രഖ്യാപിച്ചിരുന്നു.

പോളണ്ടിന്റെ വാതക ഉപഭോഗത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും റഷ്യയെ ആശ്രയിച്ചാണ്. ബാള്‍ട്ടിക് പദ്ധതി പ്രകാരം ഡാനിഷ് വിപണിയിലേക്ക് വാതകം വിതരണം ചെയ്യാനും പോളണ്ടിനാവും. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടുള്ള പ്രതിഷേധ സൂചകമായി ജര്‍മനി ബാള്‍ട്ടിക് കടല്‍ വഴി റഷ്യയുമായി ബന്ധിപ്പിക്കുന്ന നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.