head1
head 3
head2

യൂറോപ്പിനെ വിഴുങ്ങാനൊരുങ്ങി കോവിഡ്; കോവിഡ് ബാധയില്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് ഒന്നര ഡസന്‍ രാജ്യങ്ങള്‍

ബ്രസല്‍സ് : യൂറോപ്പിനെ വിഴുങ്ങാനൊരുങ്ങുകയാണ് കോവിഡ്. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, സൈപ്രസ്, മാള്‍ട്ട എന്നീ രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിതരുടെ എണ്ണം റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്.ലോകത്തെ പുതിയ കോവിഡ് ബാധിതരില്‍ പകുതിയിലേറെയും യൂറോപ്പിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലും വ്യക്തമാക്കിയിരുന്നു. അണുബാധ തടയുന്നതിനായി കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് മിക്ക രാജ്യങ്ങളും.

യൂറോപ്പില്‍ ഫ്രാന്‍സാണ് കോവിഡിന്റെ തലപ്പത്ത്

ഫ്രാന്‍സാണ് റെക്കോഡുകളുടെ തലപ്പത്ത് യൂറോപ്പില്‍ നില്‍ക്കുന്നത്.ബുധനാഴ്ച 208,000 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയര്‍ വെരാന്‍ പറഞ്ഞു,

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫ്രാന്‍സ് കോവിഡ് റെക്കോര്‍ഡുകള്‍ ആവര്‍ത്തിച്ച് തകര്‍ക്കുകയാണെന്ന് കോവിഡ്ട്രാക്കര്‍ ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 1,80,000 കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് യൂറോപ്പിലെ റെക്കോഡായിരുന്നു. എന്നാല്‍ പിറ്റേന്ന് ആ കണക്ക് പിന്നെയും തിരുത്തി ഫ്രാന്‍സ് വീണ്ടും റെക്കോഡിട്ടു.അത്തരമൊരു സാഹചര്യം മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ജര്‍മ്മനിയില്‍ കണക്കില്ലാതെ കോവിഡുകാര്‍

ജര്‍മ്മനിയില്‍ പുതിയ കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ അണുബാധയുടെ നിരക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത കണക്കിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് കൂടുതലായിരിക്കുമെന്നും ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാക്ക് പറഞ്ഞു. എന്നിരുന്നാലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,043 പുതിയ കേസുകള്‍ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.സ്വിറ്റ്‌സര്‍ലന്‍ഡില്‍ 17,634 പേര്‍ക്കാണ് പുതിയതായി കോവിഡ് ഉറപ്പാക്കിയത്.

തുടര്‍ച്ചയായി ദേശീയ റെക്കോഡ് തകര്‍ത്ത് മാള്‍ട്ട

മാള്‍ട്ടയും കോവിഡ് ബാധയില്‍ റെക്കോഡ് രേഖപ്പെടുത്തി.ഇതേ തുടര്‍ന്ന് ദ്വീപിനെ യാത്രയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലേക്ക് യുഎസ് ചേര്‍ത്തിട്ടുണ്ട്്. മാള്‍ട്ട സന്ദര്‍ശിക്കരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.1,337 പുതിയ കേസുകളാണ് മാള്‍ട്ടയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ രണ്ടാം ദിവസവും റെക്കോഡ് ഉയര്‍ന്നതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. എട്ട് ദിവസത്തിനിടെ അഞ്ചാം തവണയാണ് അണുബാധകളുടെ എണ്ണം ദേശീയ റെക്കോഡിലെത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദ്വീപിലെ 95 ശതമാനം താമസക്കാരും രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചവരാണെന്നും അധികൃതര്‍ അറിയിച്ചു.

ബ്രിട്ടന്റെ കാര്യം പറയാനില്ല

ബ്രിട്ടനിലും ചൊവ്വാഴ്ച മുതല്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു.ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ മാത്രം 1,38,831 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തീവ്രപരിചരണത്തിലെത്തുന്ന 90 ശതമാനം രോഗികളും ബൂസ്റ്റര്‍ വാക്സിനുകളെടുക്കാത്തവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒമിക്രോണിനെതിരായ ഏറ്റവും മികച്ച സംരക്ഷണമാണ് ബൂസ്റ്ററെന്നും ഇദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ ഒറ്റ ദിവസത്തിനുള്ളില്‍ കോവിഡുകാര്‍ ഇരട്ടിയായി

ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറ്റലിയില്‍ ഒറ്റ ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചു.98,020 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇതിനകം തന്നെ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

ഇവിടെ ഓപ്പണ്‍ എയര്‍ ഇവന്റുകളും മറ്റും നിരോധിക്കുകയും ജനുവരി 31 വരെ ഡിസ്‌കോകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

ഗ്രീസും വ്യാഴാഴ്ച മുതല്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. തിങ്കളാഴ്ചത്തെ റെക്കോഡിനെ മറികടന്ന് 21,657 കേസുകളുടെ പുതിയ പ്രതിദിന റെക്കോഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

Comments are closed.