head2
head 3
head1

പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണെന്ന് ഡെലിവറൂ; ‘കണക്കില്‍’ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി ടേക്ക് എവേ സ്ഥാപനം

ചെലവുകളേറിയതിനാല്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ടേക്ക് എവേ ഫുഡ് ആപ്പ് സ്ഥാപനമായ ഡെലിവറൂ. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ചെലവ് മൂന്നിലൊന്നിലേറെ വര്‍ദ്ധിച്ചതിനാല്‍ വാര്‍ഷിക നഷ്ടം പെരുകിയതായി കമ്പനി വ്യക്തമാക്കുന്നു.

അതിനിടെ പാരീസില്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണയില്‍ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ ‘അപ്രഖ്യാപിത തൊഴില്‍’ എന്ന പേരില്‍ ഡെലിവറൂവിന് 375,000 യൂറോ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നികുതിക്ക് ശേഷമുള്ള കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ നഷ്ടം 280.6 മില്യണ്‍ യൂറോയാണ് .

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തിന്റെ തോത് 36 ശതമാനമായാണ് ഉയര്‍ന്നത്. ശക്തമായ പണപ്പെരുപ്പവും ഉക്രൈയ്ന്‍ യുദ്ധവും ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ലെന്ന് ബ്രിട്ടീഷ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളില്‍ പോലും പതറാതെ പിടിച്ചുനില്‍ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. വീട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണം ഏറിയതിനാല്‍ വരുമാനം 57% വര്‍ധിപ്പിക്കാനും കഴിഞ്ഞിരുന്നു. 1.8 ബില്യണ്‍ പൗണ്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരുമാനം.

വിപണനത്തിനും സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ചെലവുകള്‍ 75 ശതമാനത്തിലേറെ വര്‍ധിച്ചതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. ഈ ചെലവുകള്‍ ഏകദേശം 629 മില്യണ്‍ പൗണ്ടായാണ് ഉയര്‍ന്നത്. ഭക്ഷണ, പലചരക്ക് ഡെലിവറി വിപണികളില്‍ വളരെ ഉയര്‍ന്ന മത്സരം നിലനില്‍ക്കുന്നതിനാല്‍ ചെലവ് കുറയ്ക്കല്‍ എളുപ്പമാകില്ലെന്നതും കമ്പനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഓഹരി വിറ്റഴിക്കാന്‍ കമ്പനി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മാത്രമല്ല, ഓഹരി വില പ്രഖ്യാപിച്ചതില്‍ നിന്നും ഏതാണ്ട് മൂന്നിലൊന്നായി കുറയുകയും ചെയ്തു. ഇതും ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.

പണപ്പെരുപ്പവും സാമ്പത്തിക ഉത്തേജനം നീക്കം ചെയ്യലും ഉക്രൈയ്നിലെ സംഘര്‍ഷവുമെല്ലാം പ്രശ്നങ്ങളാണെന്ന് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ വില്‍ ഷു മുന്നറിയിപ്പ് നല്‍കി. എന്നാല്‍ 2023 ന്റെ രണ്ടാം പകുതിക്കും 2024 ന്റെ ആദ്യ പകുതിക്കും ഇടയില്‍ കമ്പനി ബ്രേക്ക് ഈവനിലെത്തുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

ടേക്ക്അവേ മാര്‍ക്കറ്റിന്റെ വലിയൊരു ഭാഗം കൈവശമുണ്ടെങ്കിലും ഡെലിവറൂ ഇപ്പോഴും ചുവപ്പു ഗിയറിലാണെന്ന് ഹാര്‍ഗ്രീവ്‌സ് ലാന്‍സ്ഡൗണിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റ് അനലിസ്റ്റ് സൂസന്ന സ്ട്രീറ്റര്‍ പറഞ്ഞു. യുകെയിലുടനീളമുള്ള റൈഡര്‍മാരുടെ പരിധി വിശാലമാക്കാനും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.