head 3
head2
head1

ഡെന്‍മാര്‍ക്കിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ അപേക്ഷയിലെ കാലതാമസം ഒഴിവാക്കും

കോപ്പന്‍ഹേഗന്‍ : ഡെന്‍മാര്‍ക്കിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അപേക്ഷയിലെ കാലതാമസം ഒഴിവാക്കാന്‍ അടിയന്തര നടപടിയ്ക്ക് നിര്‍ദേശം നല്‍കി പാര്‍ലമെന്ററി ഓംബുഡ്സ്മാന്‍.

വിദേശ ഡോക്ടര്‍മാരുടെ യോഗ്യതകള്‍ അംഗീകരിക്കാന്‍ ഡെന്മാര്‍ക്ക് വരുത്തുന്ന കാലതാമസം ഇന്ത്യയില്‍ നിന്നുള്ളവരടക്കം നൂറുകണക്കിന് ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് ഓംബുഡ്സ്മാന്റെ ഇടപെടല്‍. ഡെന്മാര്‍ക്കില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് അപേക്ഷ നല്‍കുന്നവരുടെ യോഗ്യതകള്‍ അംഗീകരിക്കാനും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും ഡാനിഷ് പേഷ്യന്റ് സേഫ്റ്റി അതോറിറ്റി വളരെയധികം സമയമാണെടുക്കുന്നത്. ഇക്കാര്യത്തിലുള്ള തീരുമാനം അനന്തമായി നീളുന്നതിനാല്‍ അപേക്ഷകരുടെ ‘ജീവിതം’ തന്നെ വൈകിപ്പോവുകയാണ്.

കേരളത്തില്‍ നിന്നും ഡെന്മാര്‍ക്കിലേക്ക് ജോലിയ്ക്ക് അപേക്ഷിച്ചിട്ടുള്ള നൂറുകണക്കിന് നഴ്സുമാരുടെ അപേക്ഷകളിന്‍മേലും തീരുമാനം വൈകുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് ഡോക്റ്റര്‍മാരുടെ അംഗീകാരത്തിന് കാലതാമസം ഉണ്ടാവുന്നുവെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തിയിരിക്കുന്നത്.

അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന് ഡാനിഷ് പാര്‍ലമെന്ററി ഓംബുഡ്സ്മാന്റെ ഓഫീസ് സ്ഥിരീകരിച്ചു. മൂന്നോ നാലോ ദിവസം മതിയാകുന്ന ജോലിയാണ് മാസങ്ങളിലേയ്ക്കും വര്‍ഷങ്ങളിലേയ്ക്കും നീളുന്നത്. അപേക്ഷകള്‍ക്കുള്ള പ്രോസസ്സിംഗ് സമയം 2018ല്‍ 10 മാസമായിരുന്നു. ഇപ്പോഴത് നിന്ന് മൂന്നു വര്‍ഷം വരെ വര്‍ദ്ധിച്ചതായി ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന യോഗ്യതയുള്ള വിദേശ ഡോക്ടര്‍മാരുടെ വര്‍ഷങ്ങള്‍ നീളുന്ന കാത്തിരിപ്പിനെക്കുറിച്ച് മാധ്യമങ്ങളും ഏറെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 ജൂണില്‍ ഡാനിഷ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ക്കും പാര്‍ലമെന്ററി ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ ഓംബുഡ്‌സ്മാന്‍ അന്വേഷണം ആരംഭിച്ചത്.

അപേക്ഷകളുടെ എണ്ണക്കൂടുതല്‍ മൂലമാണ് കാലതാമസമെടുക്കുന്നതെന്നാണ് ഡാനിഷ് പേഷ്യന്റ് സേഫ്റ്റി അതോറിറ്റിയുടെ നിലപാട്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ആക്ഷേപം. അപേക്ഷകള്‍ കൂടുതലെത്തിയാല്‍ അതിനായി കൂടുതല്‍ സമയവും സംവിധാനവും ഏര്‍പ്പെടുത്തുകയെന്നതാണ് മാര്‍ഗ്ഗം. എന്നാല്‍ അത്തരത്തിലൊന്നും അതോറിറ്റി ചെയ്യുന്നില്ല. വര്‍ഷത്തില്‍ ഒന്നര മാസം സമയം മാത്രമാണ് ഇക്കാര്യത്തിനായി അതോറിറ്റി നീക്കിവച്ചിരിക്കുന്നത്. അതിനാല്‍ അപേക്ഷകള്‍ പെരുകി, നിലവിലുള്ള ജീവനക്കാര്‍ക്ക് കൈകാര്യം ചെയ്യാനാവാത്ത നിലയിലാവുകയാണ്. 1,224 അപേക്ഷകളാണ് 2021 ജൂണ്‍ 30 വരെ, പരിഗണനിയിലുള്ളതെന്ന് ഡാനിഷ് പേഷ്യന്റ് സേഫ്റ്റി അതോറിറ്റി പറയുന്നു.

കാലതാമസം കുറയ്ക്കുന്നതിനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള പോംവഴികള്‍ അതോറിറ്റിയുമായി തയ്യാറാക്കുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സങ്കീര്‍ണ്ണമല്ലാത്ത സാധാരണ അപേക്ഷകളില്‍ പോലും പ്രോസസ്സ് ചെയ്യുന്നതിന് അനാവശ്യമായി സമയമെടുക്കുന്നതിന് ന്യായീകരണമില്ലെന്നും പാര്‍ലമെന്ററി ഓംബുഡ്‌സ്മാന്‍ നീല്‍സ് ഫെംഗര്‍ പറഞ്ഞു.

നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ ഉദ്യോഗസ്ഥരുടെനിന്നുള്ള അംഗീകാര അപേക്ഷകളുടെ കാലതാമസം കുറയ്ക്കുന്നതിന് മാത്രം 2022 ബജറ്റില്‍ 23.1 മില്യണ്‍ ക്രോണര്‍ നീക്കിവെച്ചിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.