head 3
head1
head2

തിരക്കേറി… ഷെങ്കന്‍ വിസ കിട്ടാനില്ല; യാത്രികരും ടൂറിസം മേഖലയും ഒരുപേലെ ആശങ്കയില്‍

ബ്രസല്‍സ് : ഷെങ്കന്‍ വിസ ലഭിക്കുന്നതിലുള്ള കാലതാമസം പരിഹാരമില്ലാതെ നീളുന്നു. അപേക്ഷകരുടെ തിരക്കേറിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലെത്തിയത്. ഇപ്പോഴത്തെ നിലയില്‍ സെപ്തംബര്‍ വരെ ആളുകള്‍ക്ക് വിസ ലഭിക്കുന്നതിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

വിസ തടസ്സങ്ങള്‍ യൂറോപ്പിലേയ്ക്കുള്ള സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വിസകള്‍ നല്‍കാന്‍ എംബസികള്‍ക്ക് കഴിയാത്തതിനാലാണ് പ്രശ്നം പരിഹരിക്കാനാകാത്തത്.

നേരത്തേ വിസാ അപേക്ഷകളുടെ പ്രോസസ്സിംഗിന് എംബസികള്‍ വളരെയധികം സമയമെടുത്തിരുന്നു. എന്നാല്‍, ഭൂരിപക്ഷം രാജ്യങ്ങളും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിച്ചു. 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിക്കുന്നതിന് നടപടിയെടുത്തിരുന്നു. എന്നാല്‍ അപേക്ഷകര്‍ കൂടുതലായതോടെ സ്ഥിതി മോശമാവുകയായിരുന്നു.

സമ്മര്‍ ഹോളിഡേ പ്ലാനുകള്‍ പൊളിയുമോ ?

വിസ ലഭിക്കില്ലെന്ന സൂചനയെ തുടര്‍ന്ന് നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സമ്മര്‍ ഹോളിഡേ പ്ലാനുകള്‍ പൊളിയുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വിസ യഥാസമയം ലഭിക്കാതെ വന്നാല്‍ ഈ യാത്രാ പരിപാടികള്‍ റദ്ദാക്കുന്നതും മാറ്റിവെയ്ക്കുന്നതും ടൂറിസം വ്യവസായികളെയും അലട്ടുന്നുണ്ട്. വിസ പ്രശ്നം പരിഗണിച്ച് യാത്രികര്‍ അവരുടെ ഡെസ്റ്റിനേഷനുകള്‍ മാറ്റുന്നുണ്ട്. മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇവര്‍ യാത്ര മാറ്റുന്നത്.

യൂറോപ്യന്‍ യൂണിയന്‍/ഷെങ്കന്‍ ഏരിയയിലെ രാജ്യങ്ങള്‍ സമ്മറില്‍ കോവിഡ് പ്രവേശന നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മൂന്നാം രാജ്യക്കാര്‍ക്ക് പ്രവേശനത്തിന് വിസ നിര്‍ബന്ധിതമാക്കിയത്.

വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ഷെങ്കന്‍ രാജ്യത്തേക്ക് എത്തുന്നതിനുള്ള ഹ്രസ്വകാല വിസയാണ് ഷെങ്കന്‍ വിസ. 90 ദിവസമാണ് ഇതിന്റെ കാലാവധി. ഷെങ്കന്‍ ഏരിയ രാജ്യങ്ങളുമായി കരാറില്ലാത്ത രാജ്യത്തെ പൗരന്മാര്‍ക്കാണ് ഈ വിസ നിര്‍ബന്ധിതമാക്കിയത്.

Comments are closed.