head 3
head2
head1

യുവതിയ്ക്ക് ‘അടിയന്തര നീതി’യൊരുക്കി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ക്രൊയേഷ്യന്‍ സര്‍ക്കാര്‍

സാഗ്രെബ് : ജനരോഷത്തിനൊടുവില്‍ യുവതിയ്ക്ക് ക്രൊയേഷ്യ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി. മതപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരും ആശുപത്രികളും അബോര്‍ഷന്‍ നിഷേധിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മിറേല കവജ്ദ(39)യ്ക്ക് ‘നീതി’ നല്‍കിയത്.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രം നിഷേധിച്ചത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കവജ്ദയെ പിന്തുണച്ച് സാഗ്രെബിലും മറ്റ് നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രി വിലി ബെറോസ് പറഞ്ഞു.

യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ബ്രയിന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബോര്‍ഷന്‍ ആവശ്യമായി വന്നത്. ഏപ്രില്‍ അവസാനം ആറാം മാസത്തിലാണിത് സ്ഥിരീകരിച്ചത്. കുഞ്ഞ് മരിക്കുകയോ ഗുരുതരമായ വൈകല്യങ്ങളുണ്ടാകാനിടയുണ്ടെന്നും ഡോക്ടര്‍ ഇവരെ അറിയിച്ചിരുന്നു. അബോര്‍ഷനായി അയല്‍ രാജ്യമായ സ്ലോവേനിയയില്‍ പോകാനും ഇവര്‍ കവജ്ദയെ ഉപദേശിച്ചു.

സാഗ്രെബിലെ നാല് സര്‍ക്കാര്‍ ആശുപത്രികളും പ്രത്യേകിച്ച് കാരണമൊന്നും നല്‍കാതെ ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചു. സംഭവം വിവാദമായതോടെ അബോര്‍ഷന്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു.

അബോര്‍ഷന്‍ നിയമപരം എന്നിട്ടും…

അബോര്‍ഷന്‍ നിരോധിക്കാന്‍ ആഗ്രഹിക്കുന്ന യാഥാസ്ഥിതിക ഗ്രൂപ്പുകളുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ക്രൊയേഷ്യ. എന്നാല്‍ ഇവിടെ പത്താം ആഴ്ച വരെ അബോര്‍ഷന്‍ നിയമപരമാണ്. ഈ കാലയളവിനു ശേഷവും അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യം ഗുരുതരമായി അപകടത്തിലാകുന്ന ബലാത്സംഗമോ മറ്റോ സംഭവിച്ചാലും അബോര്‍ഷന്‍ സാധ്യമാണ്. എന്നാല്‍ മതപരമായ സമ്മര്‍ദ്ദം കാരണമാണ് ഡോക്ടര്‍മാര്‍ ഗര്‍ഭച്ഛിദ്രം ഒഴിവാക്കിയത്.

ക്രൊയേഷ്യയിലെ ആശുപത്രികളിലെ 60% ഗൈനക്കോളജിസ്റ്റുകളും ധാര്‍മ്മിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിരുന്നു.

3.9 മില്യണ്‍ ജനസംഖ്യയുള്ള ക്രൊയേഷ്യയില്‍ 90%വും കത്തോലിക്കരാണ്. ഗര്‍ഭച്ഛിദ്രം നിരോധിക്കാന്‍ സഭാ പിന്തുണയോടെ യാഥാസ്ഥിതികര്‍ നടത്തിയ നീക്കം 2017ല്‍ രാജ്യത്തെ പരമോന്നത കോടതി നിരസിച്ചിരുന്നു. നിലവിലെ നിയമം കാലഹരണപ്പെട്ടെന്നും ഗര്‍ഭച്ഛിദ്രം സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരണമെന്നും പാര്‍ലമെന്റിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Comments are closed.