head1
head2
head 3

യുദ്ധ പശ്ചാത്തലം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭക്ഷ്യ പ്രതിസന്ധിയുണ്ടാക്കും

ഡബ്ലിന്‍ : ഉക്രൈയ്നിലെ യുദ്ധ പശ്ചാത്തലം അയര്‍ലണ്ടുള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിവിധ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സെര്‍ബിയയുമായുള്ള ബാര്‍ലി, റൈ, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍ എന്നിവയുടെ കയറ്റുമതി ഉക്രൈയ്ന്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഇന്നു മുതല്‍ ഗോതമ്പ്, ധാന്യം, മൈദ, പാചക എണ്ണ എന്നിവയുടെ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലെ ബേക്കര്‍മാര്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ഗോതമ്പും യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. എന്നിരുന്നാലും, ഉക്രൈയ്നില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ഗോതമ്പിന്റെ വരവിലെ കുറവ് അന്താരാഷ്ട്ര വിപണിയിലും പ്രതിഫലിക്കും.

ഉക്രൈയ്ന്‍ ധാന്യ കയറ്റുമതി നിരോധിച്ചിരിക്കുന്നത് മാവിനും മറ്റും വില ഉയരുന്നതിന് കാരണമാകുമെന്ന് ബേക്കര്‍മാര്‍ പറയുന്നു. ഇത് ഭക്ഷ്യ വിപണിയിലെമ്പാടും വിലക്കയറ്റത്തിനും വിതരണ തടസ്സങ്ങള്‍ക്കും കാരണമാകും.

ഉക്രൈയ്‌നിലെ പ്രതിസന്ധി ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് അപകടമാകുമെന്ന് കാര്‍ഷിക, ഭക്ഷ്യ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ യുസിഡി പ്രൊഫസര്‍ മൈക്കല്‍ വാലസ് പറയുന്നു. യൂറോപ്പില്‍ മാത്രമല്ല, ആഫ്രിക്കയുള്‍പ്പടെയുള്ള കൂടുതല്‍ രാജ്യങ്ങളിലേക്കും ഉക്രൈയ്‌നാണ് ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്. യുദ്ധം വന്നതോടെ ഇത് അപകടത്തിലായി.

രാസവളങ്ങളുള്‍പ്പടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ക്കായി റഷ്യയെയാണ് അയര്‍ലണ്ട് ആശ്രയിക്കുന്നത്. അയര്‍ലണ്ടില്‍ കൃഷിയ്ക്കും പുല്‍മേടുകള്‍ക്കും ആവശ്യമായ സിന്തറ്റിക് വളങ്ങളുടെ നാലിലൊന്നും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതു മുടങ്ങിയിരിക്കുകയാണ്. ഉല്‍പ്പാദനച്ചെലവിലെ വന്‍ വര്‍ദ്ധനവ് മാംസത്തിലും പാലുല്‍പ്പന്നങ്ങളിലും വിലക്കയറ്റമുണ്ടാക്കും.

ഒരു ടണ്‍ ഗോതമ്പിന്റെ വില കഴിഞ്ഞ വേനല്‍ക്കാലത്ത് 187 യൂറോയില്‍ നിന്ന് 407 യൂറോ വരെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ മുതല്‍ ധാന്യത്തിന്റെ അന്താരാഷ്ട്ര വില ഇരട്ടിയിലധികമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ധാന്യത്തിന്റെ വിലയില്‍ ഏകദേശം 70% വര്‍ദ്ധനവുണ്ടായി.ഇതു തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.