head2
head 3
head1

രാജിയില്ലാതെ സജി, പാര്‍ട്ടിയുടെ പിന്തുണ

തിരുവനന്തപുരം : വിവാദങ്ങള്‍ക്കൊടുവില്‍ സജി ചെറിയാനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന് സി പി എം.

സ്വര്‍ണ്ണക്കടത്തു കേസിലെ വിവാദങ്ങള്‍ക്ക് അവധി കിട്ടുന്നതത്ര നേടിയെടുത്ത് ചര്‍ച്ച തല്‍ക്കാലം വഴിമാറ്റിയെടുക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി പി എം നടത്തുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നുണ്ട്.

കോടതിയോ, ഗവര്‍ണ്ണറോ ആവശ്യപ്പെടുന്നത് വരെ കാത്തിരുന്ന ശേഷം രാജിവെച്ചാല്‍ മതി എന്നാണ് സി പി എം സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം. അതേസമയം പാര്‍ട്ടി കേന്ദ്ര നേതൃത്വം മന്ത്രി രാജിവെച്ചു പോകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന സൂചനയുമുണ്ട്. സീതാറാം യച്ചൂരിയുടെ സ്വന്തം അഭിപ്രായം എന്തായാലും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനങ്ങള്‍ അനുസരിച്ചാവും പൊതു പ്രഖ്യാപനം എത്തുക.

നിയമസഭയില്‍ ബഹളം

ഭരണഘടനയെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയില്‍ ചോദ്യം ഉന്നയിക്കാതെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ബഹളം ആരംഭിച്ചതിനെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തര വേളയും റദ്ദാക്കുകയായിരുന്നു.

എട്ട് മിനിട്ട് നേരം മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടി വി കാണിച്ചില്ല. അതേസമയം, സജി ചെറിയാന്റെ പ്രസംഗത്തെ തുടര്‍ന്നുള്ള പരാതികളില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തും. മന്ത്രിക്കെതിരെ പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിനായി പരാതികള്‍ തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തര്‍ക്ക് കൈമാറി. പ്രസംഗം പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടും. വിശദ പരിശോധന നടത്തിയതിന് ശേഷമേ കേസെടുക്കുന്ന കാര്യം തീരുമാനിക്കുള്ളൂവെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. പ്രസംഗവും അതിനിടയാക്കിയ സാഹചര്യവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുടചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

ഭരണകൂടം എന്ന വാക്കാണ് പ്രസംഗത്തില്‍ താന്‍ ഉദ്ദേശിച്ചതെന്നും, ഭരണഘടന എന്നല്ലെന്നും സജി ചെറിയാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കി. നാക്കു പിഴയാണെന്നും സജി യോഗത്തില്‍ വെച്ച് പാര്‍ട്ടിയോട് വിശദീകരിച്ചു.

Comments are closed.