head2
head1
head 3

കോപ്പന്‍ഹേഗനില്‍ നാറ്റോയുടെ ടെസ്റ്റ് സെന്ററും ആക്സിലറേഷന്‍ സൈറ്റും വരുന്നു

കോപ്പന്‍ഹേഗന്‍ : നാറ്റോയുടെ പുതിയ കണികാതന്ത്ര ആസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് ഡെന്മാര്‍ക്ക്. കോപ്പന്‍ഹേഗനില്‍ നാറ്റോയുടെ തന്ത്രപ്രധാനമായ ടെസ്റ്റ് സെന്ററും ആക്സിലറേഷന്‍ സൈറ്റും അനുവദിച്ചിരിക്കുകയാണ്. നാറ്റോ ചരിത്രത്തിലെ സുപ്രധാന തീരുമാനമാണ് കണികാ തന്ത്ര സാങ്കേതികവിദ്യകള്‍ക്കായുള്ള പുതിയ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് 2030ഓടെ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്.

നീല്‍സ് ബോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായിരിക്കും സെന്ററിന് ആതിഥേയത്വം വഹിക്കുക. ഡിടിയു, എയു, ഡാനിഷ് നാഷണല്‍ മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ നിന്നുള്ള സംഭാവനകളുമുണ്ടാകും. സര്‍ക്കാരും ഗവേഷണ സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരമൊരു ടെസ്റ്റ് സെന്റര്‍ യാഥാര്‍ഥ്യമാകൂയെന്ന് പ്രതിരോധ മന്ത്രി മോര്‍ട്ടന്‍ ബോഡ്‌സ്‌കോവ് പറഞ്ഞു. നീല്‍സ് ബോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അഭിമാനകരമായ നേട്ടമാണിതെന്ന് വിദ്യാഭ്യാസ ഗവേഷണ മന്ത്രി ജെസ്പര്‍ പീറ്റേഴ്‌സണും വ്യക്തമാക്കി.

വന്‍ശക്തികള്‍ തമ്മിലുള്ള ആഗോള മത്സരത്തില്‍ പുതിയ സാങ്കേതികവിദ്യകളുടെ വികസനം വളരെ നിര്‍ണായകമാണ്. കണികാ തന്ത്ര ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിനാശകരമായ സാങ്കേതികവിദ്യകള്‍ എന്നിവയൊക്കെ മനുഷ്യ ജീവിതത്തെയാകെ മാറ്റിമറിക്കുന്നതാണ്. ഇത്തരമൊരു സെന്റര്‍ തലസ്ഥാനത്തെത്തുന്നതോടെ നാറ്റോ ആസ്ഥാനമായി ഡെന്മാര്‍ക്ക് വളരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

Comments are closed.