head 3
head1
head2

മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം: ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി വിവിധ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതില്‍ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി വിവിധ രാജ്യങ്ങള്‍. ലോകരാജ്യങ്ങള്‍ ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. ചാനല്‍ ചര്‍ച്ചക്കിടയില്‍ ബി.ജെ.പി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

അറബ് ലീഗും, സൗദി അറേബ്യ, ഇറാന്‍, പാകിസ്താന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രഗത്ത് വന്നു. മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തറും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ബഹിഷകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ക്യാമ്പയിനും വ്യാപകമായി നടക്കുന്നുണ്ട്.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വലിയ സംഘര്‍ഷം അരങ്ങേറിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ദേശീയ വക്താക്കളായ നൂപുര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലിലി പ്രസ്താവനയില്‍ പറഞ്ഞു. പ്രവാചക നിന്ദയില്‍ ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് ആവശ്യപ്പെട്ട പാക് പ്രധാനമന്ത്രി, ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയുടെ അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.

നേരത്തെ, നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി, ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ വിവാദ പരാമര്‍ശം നൂപുര്‍ ശര്‍മ പിന്‍വലിച്ചു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, തന്റെ വിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും നൂപുര്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലിക്കുന്നതായും അവര്‍ പറഞ്ഞു.

അതേസമയം, പരാമര്‍ശത്തിനു പിന്നാലെ തനിക്കു വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ പറഞ്ഞു. തന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്നും തനിക്കും തന്റെ കുടുംബത്തിനു വധഭീഷണിയുണ്ടെന്നും ബിജെപി മുന്‍വക്താവ് ട്വീറ്റ് ചെയ്തിരുന്നു.

ബിജെപിയുടെ മതഭ്രാന്ത് കാരണം ഇന്ത്യ ഒറ്റപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി

പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. ബിജെപിയുടെ ലജ്ജാകരമായ മതഭ്രാന്ത് മൂലം ഇന്ത്യ ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഭിന്നതകള്‍ മൂലം ഇന്ത്യ ദുര്‍ബലമായെന്നും രാജ്യാന്തരതലത്തില്‍ കോട്ടമുണ്ടാക്കിയെന്നും രാഹുല്‍ വിമര്‍ശിച്ചു.

Comments are closed.