head2
head 3
head1

അതിശൈത്യവും റഷ്യ – ഉക്രെയ്ന്‍ സംഘര്‍ഷ സാധ്യതയും; പാചകവാതക ശൃംഖല പ്രതിസന്ധിയിലാകുമോ?

കോപ്പന്‍ ഹേഗന്‍: റഷ്യന്‍ – ഉക്രെയ്ന്‍ സംഘര്‍ഷം യൂറോപ്യന്‍ പാചകവാതക ശൃംഖലയെയാകെ പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്ക ഉയരുന്നു. ആക്രമണമുണ്ടാകില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സമ്മര്‍ദ്ദങ്ങളുടെ മുള്‍മുനയില്‍ത്തന്നെയാണ് പല രാജ്യങ്ങളും.

യൂറോപ്പില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ 40 ശതമാനവും റഷ്യയില്‍ നിന്നാണ് വരുന്നത്. അതിനിടെ, ലോക വിപണിയിലെ പിരിമുറുക്കം മുതലെടുത്ത് വിതരണം കുറയ്ക്കാനും വില വര്‍ദ്ധിപ്പിക്കാനും നീക്കം നടക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്.

ജര്‍മ്മനിയുള്‍പ്പടെയുള്ള രാജ്യങ്ങളടെ പാചകവാതക സ്റ്റോക്ക് ആശങ്കാജനകമായ കുറവിലാണെന്ന് ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ജര്‍മ്മനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളും ഇത് പുറത്തുവിട്ടിട്ടില്ല.

അതിശൈത്യത്തിന്റെ വരും നാളുകളില്‍ ഗ്യാസിന് കൂടുതല്‍ ചെലവുണ്ടാകുമെന്നതും സര്‍ക്കാരുകളുടെ നെഞ്ചിടിപ്പേറ്റുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പിന്റെ മിക്ക ഭാഗങ്ങളും അതീവ ശൈത്യത്തെ നേരിടുകയാണ്.

30 ദിവസത്തെ മിതമായ തണുത്ത കാലാവസ്ഥയെ മറികടക്കാന്‍, സ്റ്റോക്ക് പകുതിയോളമെങ്കിലും വേണമെന്നാണ് കണക്കാക്കുന്നത്. 2020ല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സ്റ്റോക്ക് 71 ശതമാനത്തില്‍ താഴെയായിട്ടില്ലെന്ന് ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ യൂറോപ്പിന്റെ കണക്കുകള്‍ പറയുന്നു.

ജര്‍മ്മനിയുടെ പാചകവാതകത്തിന്റെ സ്റ്റോക്ക് ഇപ്പോള്‍ 35-36 ശതമാനത്തിലാണ്. തുടര്‍ച്ചയായ ഏഴ് ദിവസത്തെ അതിശൈത്യത്തെ നേരിടാന്‍ ഇത് ആവശ്യമാണെന്നാണ് കരുതുന്നത്. ക്രെംലിന്‍ ഗ്യാസ് ഡെലിവറികളില്‍ രാഷ്ട്രീയ സ്വാധീനമുള്ളതായി ഇയു കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Comments are closed.