head2
head1
head 3

യൂറോപ്യന്‍ യൂണിയനിലാകെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജ്ജര്‍ സംവിധാനത്തിന് നിയമം വരും

ബ്രസല്‍സ് : മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സാര്‍വ്വത്രിക ചാര്‍ജര്‍ സംവിധാനം ഒരുക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമം വന്നേക്കും. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനാണ് ഈ പുതിയ പരിസ്ഥിതി സൗഹൃദ ചാര്‍ജ്ജിംഗ് സംവിധാനം ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അലക്‌സ് അജിയസ് സാലിബ റിപ്പോര്‍ട്ട് ഇയുവിന്റെ ഇന്റേണല്‍ മാര്‍ക്കറ്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗീകരിച്ചു. ഇതോടെ നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗത കൈവന്നിരിക്കുകയാണ്.

സാര്‍വ്വത്രിക ചാര്‍ജര്‍ സംവിധാനം എല്ലാവര്‍ക്കും പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴയ ഇലക്ട്രോണിക്‌സിന്റെ പുനരുപയോഗം സാധ്യമാക്കുന്ന ഈ സംവിധാനം ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ്. അസൗകര്യങ്ങളൊഴിവാക്കാനും സിംഗിള്‍ ചാര്‍ജ്ജര്‍ സഹായിക്കുമെന്നും കരുതുന്നു.

നിയമം നടപ്പാക്കാന്‍ ഒമ്പത് മാസത്തെ സാവകാശം

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും യൂണിവേഴ്സല്‍ ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡ് അവതരിപ്പിക്കുന്ന നിയമവുമായി മുന്നോട്ടുപോകുന്നതിന് അനുകൂലമായാണ് ഇയു കമ്മിറ്റി വോട്ടു ചെയ്തത്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ യൂറോപ്പില്‍ വില്‍പ്പന നടത്തുന്നതിന് യൂണിവേഴ്സല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പാക്കേണ്ടി വരും. അതിനായി ഇവര്‍ക്ക് ഒമ്പത് മാസത്തെ സാവകാശം ലഭിക്കും.

മാള്‍ട്ടയുടെ എംഇപി അലക്‌സ് അജിയസ് സാലിബയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കമ്മിറ്റിയിലെ 43 അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. രണ്ടു പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. നിയമം കൊണ്ടുവരുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലുമായും യൂറോപ്യന്‍ കമ്മീഷനുമായും ചര്‍ച്ചകള്‍ നടത്തുന്നതിന് അലക്‌സ് അജിയസ് സാലിബയെ കമ്മിറ്റി ചുമതലപ്പെടുത്തി.

വയര്‍ലെസ് ചാര്‍ജിംഗിനായി സാര്‍വത്രിക മാനദണ്ഡം സ്വീകരിക്കുന്നതിനും വിപണിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും 2026 വരെയാണ് എംഇപിമാര്‍ ഇയു കമ്മീഷന് സമയം അനുവദിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമം ലഭ്യമാകും. വിപണിയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അനുസൃതമായി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നിയമ ഭേദഗതി വരുത്തുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ നിയമം നടപ്പിലായാല്‍…

ഈ നിയമം നടപ്പിലായാല്‍ യൂറോപ്യന്‍ യൂണിയനിലാകെ വില്‍പ്പന നടത്തുന്ന മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ഹെഡ്‌ഫോണുകള്‍, ഹെഡ്‌സെറ്റുകള്‍, ഹാന്‍ഡ്‌ഹെല്‍ഡ് വീഡിയോ ഗെയിം കണ്‍സോളുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എന്നിവയ്ക്ക് യുഎസ്ബി-സി വഴി ചാര്‍ജ് ചെയ്യാവുന്ന കോമണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നിര്‍ബന്ധിതമാകും. ആപ്പിള്‍ പോലെ പ്രത്യേക ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് ഈ നിയമം അനുസരിച്ച് മാറേണ്ടതായും വരും.

പത്ത് വര്‍ഷം മുമ്പാണ് മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിന് സിംഗിള്‍ ചാര്‍ജ്ജര്‍ എന്ന ആശയം രൂപപ്പെട്ടതെന്ന് എംഇപി സാലിബ പറഞ്ഞു. ഓരോ ഉപകരണങ്ങളും എളുപ്പത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി മൂന്ന് തരം വ്യത്യസ്ത ചാര്‍ജറുകള്‍ വിപണിയിലുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വലിയ മാലിന്യ പ്രശ്നമാണുണ്ടാക്കുന്നത്.

വിവിധ തരത്തിലുള്ള ചാര്‍ജറുകള്‍ വിപണിയിലെത്തന്നതിന്റെ ഫലമായി പ്രതിവര്‍ഷം 11,000 മുതല്‍ 13,000 ടണ്‍ വരെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. ഈ മാലിന്യ വിപത്തില്‍ നിന്നും രക്ഷ നല്‍കുന്നതാകും പുതിയ നിയമം.

ലാപ്‌ടോപ്പുകള്‍ പോലുള്ള ഉപകരണങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് നിയമത്തിലൂടെ ഉറപ്പാക്കുമെന്ന് എംഇപി സാലിബ പറഞ്ഞു. സ്മാര്‍ട്ട് വാച്ചുകള്‍, വെയറബിള്‍ ഹെല്‍ത്ത് ട്രാക്കറുകള്‍, പേഴ്സണല്‍ കെയര്‍ ഉപകരണങ്ങള്‍, ലൈറ്റിംഗ് ഉപകരണങ്ങള്‍ എന്നിവയെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും.

Comments are closed.