head 3
head2
head1

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം; സ്വപ്നയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതില്‍ വസ്തുതകളുടെ തരിമ്പ് പോലുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇതിലൂടെയൊന്നും സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അസത്യം വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഗൂഢപദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളയും. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെക്കൊണ്ട് ചിലര്‍ പറയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതു ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, ഭാര്യ കമല. മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളനി നെറ്റോ, മുഖ്യമന്ത്രിയുടെ സ്റ്റാഫ് രവീന്ദ്രന്‍, മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കെല്ലാം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സ്വപ്ന വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Comments are closed.