head 3
head2
head1

ഫെബ്രുവരി 1 മുതല്‍ ഇ.യു രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റം

കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഫെബ്രുവരി 1 മുതല്‍ യാത്രക്കാരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ്, രോഗമുക്തി, പരിശോധനഫലം എന്നിവ അടിസ്ഥാനമാക്കിയാവണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിച്ചു. നിലവില്‍ യാത്രക്കാര്‍ വരുന്ന രാജ്യത്തെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിവരുന്നത്. ജനുവരി 25 ചൊവ്വാഴ്ചയാണ് ഇ.യു കൗണ്‍സില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

ഇ-യു കൗണ്‍സിലിന്റെ പുതിയ തീരുമാനപ്രകാരം കഴിഞ്ഞ 270 ദിവസത്തിനുള്ളല്‍ വാക്‌സിനേഷന്റെ രണ്ടു ഡോസുകളെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്കും, 180 ദിവസത്തിനുള്ളില്‍ രോഗമുക്തരായവര്‍ക്കും, കോവിഡ് നെഗറ്റീവ് പരിശോധന ഫലമുള്ളവര്‍ക്കും (പിസിആര്‍-72 മണിക്കൂര്‍, ആന്റിജന്‍- 24 മണിക്കൂര്‍) യാത്രാ നിയന്ത്രണങ്ങളുമുണ്ടാവില്ല.

ഇയു അംഗീകൃത കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത ആളുകള്‍ രാജ്യത്തേക്കെത്തുതിന് 24 മണിക്കൂര്‍ മുന്‍പോ, ശേഷമോ കോവിഡ് പരിശോധന നടത്തുകയും വേണം. പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും, അതാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്കും, ക്രോസ് ബോര്‍ഡര്‍ കമ്മ്യൂട്ടേഴ്‌സിനും ഇളവുകളുണ്ടാവും.

അതേസമയം, അതത് രാജ്യങ്ങളിലെ കോവിഡ്-19 സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അതിനനുസരിച്ച് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ഹെല്‍ത്ത് കമ്മീഷണര്‍ Stella Kyriakides പറഞ്ഞു.

നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാവുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇസിഡിസി യുടെ (യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍) പ്രതിവാര കോവിഡ് മാപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന രീതി തുടരും. രാജ്യങ്ങളിലെ കോവിഡ് ബാധ, വാക്‌സിന്‍ റേറ്റ്, എന്നിവ അടിസ്ഥാനമാക്കിയുള്ള മാപ്പുകളാണ് ഇ.സി.ഡി.സി പുറത്തിറക്കാറുള്ളത്. ഇതുപ്രകാരം രോഗബാധ കുടിയ റെഡ് സോണുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.