head2
head 3
head1

അടുത്ത മാര്‍പാപ്പ ആകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ മാള്‍ട്ടക്കാരനായ കര്‍ദ്ദിനാള്‍ മരിയോ ഗ്രെച്ചും

വലേറ്റ : ലോകത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ കാവലാളായ മാര്‍പാപ്പയുടെ സ്വന്തം രാജ്യമാകാനുള്ള ഭാഗ്യം മാള്‍ട്ടയ്ക്ക് ലഭിക്കുമോ… അടുത്ത കോണ്‍ക്ലേവില്‍ മാര്‍പാപ്പ ആകാന്‍ സാധ്യതയുള്ളവരുടെ മാധ്യമങ്ങളുടെ സാധ്യതാ ലിസ്റ്റില്‍ കര്‍ദ്ദിനാള്‍ മരിയോ ഗ്രെച്ച് ഉള്‍പ്പെട്ടതോടെയാണ് ഈ സൗഭാഗ്യം ചര്‍ച്ചയാകുന്നത്. കാല്‍മുട്ടിന്റെ പ്രശ്‌നം ഗുരുതരമായതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്.

ഫ്രാന്‍സിസ് പാപ്പായോട് ചേര്‍ന്ന് നില്‍ക്കുന്ന നയങ്ങളാണ് മരിയോ ഗ്രെച്ചിന് സാധ്യത നല്‍കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.

ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലാണ് 65 കാരനായ ഗ്രെച്ച്. ഗോസോയിലെ മുന്‍ ബിഷപ്പായിരുന്ന ഇദ്ദേഹം 2020 -ലാണ് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ടത്. യാഥാസ്ഥിതികരുടെ ആശങ്കകള്‍ പങ്കുവെച്ച മാര്‍പാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെറ്റിഷ്യയ്ക്കു നല്‍കിയ പിന്തുണയാണ് ഗ്രച്ചിന്റെ ഈ നിയമനമെന്ന് അക്കാലത്ത് കത്തോലിക്കാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സഭ കൂടുതല്‍ കരുണയുള്ളതാകണമെന്നും എല്‍ ജി ബി ടി വിശ്വാസികളെ കൂടി ഉള്‍പ്പെടുത്തി അതിനെ വിശാലമാക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ അനുകൂലിക്കുന്ന കര്‍ദ്ദിനാളിന്റെ കത്ത് മാള്‍ട്ടയിലെയും ഗോസോയിലെയും എല്ലാ പള്ളികളിലും വായിച്ചിരുന്നു.

അതേസമയം, അടുത്ത കോണ്‍ക്ലേവില്‍ ഇഷ്ടമുള്ള മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇരുപക്ഷത്തിനും ലഭിക്കില്ലെന്ന് മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ പറയുന്നു. ബനഡിക്ട് പാപ്പയെ പോലെ സ്ഥാനമൊഴിയാനുള്ള യാതൊരു സാധ്യതയും ഫ്രാന്‍സീസിനില്ലെങ്കിലും മാധ്യമങ്ങള്‍ ‘വായുവില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്’.

80 വയസ്സിന് താഴെയുള്ള 117 കര്‍ദ്ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇവരില്‍ 67 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയും 38 പേരെ പോപ്പ് ബെനഡിക്റ്റും 12 പേരെ ജോണ്‍ പോള്‍ രണ്ടാമനും നിയമിച്ചതാണ്.

ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഇറ്റലിയിലെ മാറ്റിയോ സുപ്പി രംഗത്തുവരുമെന്ന് എക്സ്‌ക്ലൂസീവ് മാസികയായ കാര്‍ഡിനാലിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അടുപ്പമുള്ളയാളാണ്. എന്നിരുന്നാലും തന്റെ ബൊലോഗ്ന അതിരൂപതയില്‍ ലത്തീന്‍ കുര്‍ബാന തുടരാന്‍ അനുവദിച്ചത് വിവാദമായിരുന്നു.

Comments are closed.