head1
head 3
head2

നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോള്‍ ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം

നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോള്‍ ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം. ബില്ലിന്റെ സെക്കന്റ് റീഡിംഗില്‍ 221നെതിരെ 295 വോട്ടുകള്‍ക്കാണ് ഹൗസ് ഓഫ് കോമണ്‍സ് ബില്‍ പാസ്സാക്കിയത്.

ബ്രക്‌സിറ്റിനു ശേഷമുള്ള കരാറിന്റെ ഭാഗങ്ങള്‍ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ബോറിസ് ജോണ്‍സന്റെ ശ്രമമാണ് ഇവിടെ വിജയം കണ്ടത്. 74 എംപിമാരുടെ പിന്തുണയോടെയാണ് ബോറിസ് ജോണ്‍സണ്‍ ബില്ലിന്റെ അടുത്ത ഘട്ടത്തിലേയ്ക്കുള്ള ആദ്യ പാര്‍ലമെന്ററി തടസ്സം നീക്കിയത്.

ബില്ലിന്റെ ലൈന്‍-ബൈ-ലൈന്‍ സൂക്ഷ്മപരിശോധനയാണ് അടുത്ത ഘട്ടം. ബില്ലിനെതിരെ കണ്‍സര്‍വേറ്റീവ് എംപിമാരാരും വോട്ട് ചെയ്തില്ല. 283 ടോറി എംപിമാരും എട്ട് ഡി യു പി എംപിമാരും ബില്ലിനെ പിന്തുണച്ചു.

ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് എത്തുമ്പോള്‍ പ്രശ്നമാകും

എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത വെസ്റ്റ്മിന്‍സ്റ്ററിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് എത്തുമ്പോള്‍ ബില്ലിന് വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രോട്ടോക്കോള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ നല്‍കുകയും ബെല്‍ഫാസ്റ്റ് (ഗുഡ് ഫ്രൈഡേ) കരാറിനെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ബില്ലെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.

ബില്‍ പാര്‍ലമെന്റിലൂടെ അവതരിപ്പിക്കുമ്പോള്‍ത്തന്നെ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകളിലൂടെ പരിഹാരം തേടുന്നത് തുടരുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ബില്ലിനെതിരെ തെരേസ മേയും ഇയു നേതാക്കളും

എന്നാല്‍ ബില്ലിനെതിരെ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനില്‍ നിന്നു തന്നെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. മുന്‍ പ്രധാനമന്ത്രി തെരേസ മേ ഉള്‍പ്പടെയുള്ള നേതാക്കളും അയര്‍ലണ്ട് പ്രധാനമന്ത്രിയും വിദേശമന്ത്രിയുമെല്ലാം പാര്‍ലമെന്റ് നടപടിയില്‍ ആശങ്ക അറിയിച്ച് രംഗത്തുവന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ബ്രെക്‌സിറ്റ് കരാറിന്റെ ഭാഗങ്ങള്‍ ഏകപക്ഷീയമായി ഇല്ലാതാക്കാനുള്ള നീക്കം നിയമപരമല്ലെന്നും യുകെയുടെ ആഗോള നിലയെ അത് ദോഷകരമായി ബാധിക്കുമെന്നും മുന്‍ പ്രധാനമന്ത്രി തെരേസ മേ മുന്നറിയിപ്പ് നല്‍കി.

ഇത് നല്ലൊരു ബില്ലല്ലെന്ന് കോമണ്‍സിന്റെ നോര്‍ത്തേണ്‍ അയര്‍ലണ്ട് അഫയേഴ്‌സ് കമ്മിറ്റിയുടെ കണ്‍സര്‍വേറ്റീവ് ചെയര്‍ സൈമണ്‍ ഹോരെ പറഞ്ഞു. ബില്ലിന് ഭരണഘടനയുടെ പിന്തുണയില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. ലേബര്‍ ഷാഡോ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ബില്ലിനെതിരെ രംഗത്തുവന്നു.

നിയമനടപടി തുടരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. യുകെയ്ക്കെതിരെ ഇ യു കഴിഞ്ഞയാഴ്ച പുതിയ നിയമനടപടി ആരംഭിച്ചിരുന്നു. യുകെ ബില്ലുമായി മുന്നോട്ട് പോയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് മരോഷ് സെഫ്‌കോവിക് സൂചന നല്‍കി.

ഗുരുതരമായ സ്ഥിതിയുണ്ടാകുമെന്ന് മീഹോള്‍ മാര്‍ട്ടിന്‍

ബ്രിട്ടന്റെ ബില്‍ ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. പ്രോട്ടോക്കോളിനെച്ചൊല്ലി നയതന്ത്ര തര്‍ക്കമുണ്ടാകില്ലെന്ന ജോണ്‍സന്റെ വാദത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. യു കെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ലംഘനത്തെ നിസ്സാരമായി കാണാനാകില്ലെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമെല്ലാം ഇക്കാര്യത്തില്‍ ആശങ്കാകുലരാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമവിരുദ്ധമായ ഏകപക്ഷീയമായ സമീപനം തുടരുന്നതില്‍ നിരാശനാണെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ പ്രസ്താവനയില്‍ പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങളുടെയും ബിസിനസ്സിന്റെയും യഥാര്‍ത്ഥ ആശങ്കകള്‍ക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള വഴി ഇതല്ല. ഇപ്പോഴത്തെ നടപടി അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.