head1
head2
head 3

കുപ്രസിദ്ധ തട്ടിപ്പുകാരി സാറ പാനിറ്റ്‌സ്‌കെ സ്പെയിന്‍ പോലീസിന്റെ പിടിയിലായി

മാഡ്രിഡ് : യു.കെയിലെ മോസ്റ്റ് വാണ്ടഡ് വുമണ്‍ എന്നറിയപ്പെടുന്ന സാറ പാനിറ്റ്‌സ്‌കെ സ്‌പെയിനില്‍ അറസ്റ്റിലായി. ഒരു പതിറ്റാണ്ടോളം നീണ്ട ഒളിച്ചോട്ടത്തിനു ശേഷമാണ് സാറ അറസ്റ്റിലാവുന്നത്. ഞായറാഴ്ച്ച ടാറഗോണയിലെ സാന്താ ബാര്‍ബറയില്‍ തന്റെ നായകളുമായി നടക്കാന്‍ എത്തിയപ്പോളാണ് അറസ്റ്റ് എന്ന് നാഷണല്‍ ക്രൈം ഏജന്‍സി (എന്‍.സി.എ) അറിയിച്ചു.

1 ബില്യണ്‍ പൗണ്ടിന്റെ മൊബൈല്‍ ഫോണ്‍ നികുതി കുംഭകോണത്തില്‍ പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്നതിനിടയിലാണ് 2013 മെയ് മാസത്തില്‍ സാറയെ കാണാതാവുന്നത്. അന്ന് 47 കാരിയായിരുന്നു സാറ. യോര്‍ക്കിലെ ഫുള്‍ഫോര്‍ഡ് ആണ് സാറയുടെ സ്വദേശം. സാറ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ അവരുടെ അഭാവത്തില്‍ കോടതി എട്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

ഓഫ്ഷോര്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ നടത്തിയ ദശലക്ഷക്കണക്കിന് രൂപയുടെ അഴിമതിയില്‍ അവര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് എച്ച് എം റവന്യു ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥനായ സൈമണ്‍ യോര്‍ക്ക് അറിയിച്ചു. 2015ല്‍ ബാഴ്സലോണയ്ക്ക് സമീപമുള്ള ഒരു പട്ടണത്തിലേക്ക് പോലീസ് സാറയെ പിന്തുടര്‍ന്നെങ്കിലും ഓപ്പറേഷനെക്കുറിച്ച് സൂചന ലഭിച്ച സാറ വേഷം മാറി രക്ഷപ്പെടുകയായിരുന്നു.

സ്പാനിഷ് ഗാര്‍ഡിയ സിവില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് സാന്താ ബാര്‍ബറയില്‍ സാറയെ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്യുന്നതുവരെ നിരീക്ഷണത്തിലായിരുന്നു. യു കെയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കൈമാറല്‍ നടപടികള്‍ ആരംഭിച്ചതായി എന്‍ സി എ അറിയിച്ചു.

ഏകദേശം ഒന്‍പത് വര്‍ഷമായി സാറാ പാനിറ്റ്സ്‌കെ ഒളിവിലായിരുന്നു. ‘പോലീസ് തിരച്ചില്‍ അവസാനിച്ചെന്ന് അവര്‍ കരുതിയെങ്കിലും അവള്‍ ഞങ്ങളുടെ റഡാറില്‍ തുടര്‍ന്നു’ എന്ന് ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടോം ഡൗടാല്‍ പറഞ്ഞു. യു കെ നിയമപാലകരും സ്‌പെയിനിലെ ഏജന്‍സിയുടെ പങ്കാളികളും ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനമാണ് സാറയെ പിടികൂടാന്‍ സഹായിച്ചത് . ഇത് മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണെന്നും എത്ര സമയമെടുത്താലും അവര്‍ പിടിക്കപ്പെടുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്നും ഏജന്‍സി പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.