head2
head1
head 3

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം; 1 ബില്യണ്‍ പൗണ്ടിന്റെ ഡീലുകളുമായി ബോറിസ് ജോണ്‍സണ്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തി. നിരവധി വാണിജ്യ കരാറുകള്‍ പ്രഖ്യാപിക്കുകയും യുകെയുടെയും ഇന്ത്യയുടെയും വ്യാപാരം, നിക്ഷേപം, സാങ്കേതിക പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തിയ ബോറിസ് ജോണ്‍സണ് വന്‍ വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്.

വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ഇന്ത്യന്‍ കലാരൂപങ്ങള്‍ അണിനിരത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 10 മണിയോടെ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലെത്തിയ അദ്ദേഹത്തിന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടന്‍’ എന്ന പുസ്തകം സമ്മാനിച്ചു. ഇന്ന് അഹമ്മദദാബദില്‍ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബിസിനസ് പ്രമുഖരുമായി ചര്‍ച്ച നടത്തും. ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സര്‍വകലാശാലയും അദ്ദേഹം സന്ദര്‍ശിക്കും.

നാളെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തും. പുതിയ നിക്ഷേപങ്ങളിലും കയറ്റുമതി ഇടപാടുകളിലും 1 ബില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള കരാറിന് യുകെയും ഇന്ത്യന്‍ ബിസിനസും തയ്യാറെടുക്കുകയാണ്. ഇത് യുകെയിലുടനീളം ഏകദേശം 11,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യം, 5ജി, സോഫ്റ്റുവെയര്‍ എന്‍ജിനിയറിങ്, നിര്‍മിത ബുദ്ധി എന്നീ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നത്.

ആദ്യമായി രാജ്യത്ത് എത്തുന്ന ബോറിസ് ജോണ്‍സണ് നാളെ രാഷ്ട്രപതി ഭവനില്‍ ഔപചാരിക വരവേല്‍പ്പ് നല്‍കും. ശേഷം രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ ആദരവ് അര്‍പ്പിക്കും.

Comments are closed.