head2
head1
head 3

പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ നിന്നൊഴിയാനാവാതെ ബോറിസ് ജോണ്‍സണ്‍; നില പരുങ്ങലില്‍

ലണ്ടന്‍ : കോവിഡ് പകര്‍ച്ചവ്യാധി കാലത്തെ വിവാദ കൂടിച്ചേരലിന്റെ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ പാര്‍ട്ടിയില്‍ വീണ്ടും കലാപക്കൊടി. പാര്‍ട്ടിഗേറ്റിനെ കുറിച്ചുള്ള സീനിയര്‍ സിവില്‍ സര്‍വീസ് സ്യൂ ഗ്രേ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാനമന്ത്രിയുടെ നില പരുങ്ങലിലായത്.

പ്രധാനമന്ത്രിയ്ക്കെതിരെ അവിശ്വാസ നീക്കവും പുരോഗമിക്കുകയാണ്. അവിശ്വാസത്തെ പിന്തുണച്ച് കത്തു നല്‍കുന്ന എംപിമാരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. 54 എംപിമാര്‍ വിശ്വാസവോട്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയാല്‍ പ്രധാനമന്ത്രിയ്ക്ക് അവിശ്വാസം നേരിടേണ്ടതായി വരും. 20 എംപിമാര്‍ ഇതിനകം പരസ്യമായി രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈയ്നിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ചില എംപിമാര്‍ നിലപാടില്‍ അയവുവരുത്തിയിട്ടുണ്ട്. എന്നിരുന്നാലും എത്ര കത്തുകള്‍ ലഭിച്ചുവെന്ന് ഇനിയും കമ്മിറ്റി ചെയര്‍മാന്‍ ബ്രാഡി വെളിപ്പെടുത്തിയിട്ടില്ല. ഏതാനും പേര്‍ സ്വകാര്യമായും അവിശ്വാസം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

അതിനിടെ, ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി സ്ഥാനം പോള്‍ ഹോംസ് എം പി രാജിവച്ചത് സര്‍ക്കാരിന് തിരിച്ചടിയായി.

രാജിവെയ്ക്കില്ലെന്ന് ബോറിസ് ജോണ്‍സണ്‍…

എന്നാല്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ രാജിവെയ്ക്കാനില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. തന്റെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. ഈ സംഭവം സംബന്ധിച്ച് സമ്പൂര്‍ണ്ണമായ വിശദീകരണം മുമ്പ് നല്‍കിയിട്ടുള്ളതാണ്. അതില്‍ കൂടുതലായൊന്നും പറയാനില്ലെന്നും ജോണ്‍സണ്‍ വിശദീകരിച്ചു.

നിയമലംഘകരെ സംരക്ഷിക്കാന്‍ നിയമം മാറ്റി

അതിനിടെ പാര്‍ട്ടിഗേറ്റ് വിശദീകരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ മന്ത്രിമാരുടെ നിയമനം സംബന്ധിച്ച നിയമത്തില്‍ മാറ്റങ്ങളുമായി ജോണ്‍സണ്‍ രംഗത്തുവന്നു. ഇതനുസരിച്ച് മിനിസ്റ്റീരീയല്‍ സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചാലും മന്ത്രിയായി തുടരാനാകുമെന്നാണ് പുതിയ വ്യവസ്ഥ. മിനിസ്റ്റീരിയല്‍ കോഡുകളുടെ നേരിയ ലംഘനങ്ങളുടെ പേരില്‍ മന്ത്രിമാര്‍ രാജിവെക്കുകയോ പുറത്തു പോവുകയോ വേണ്ടെന്ന് പുതിയ നയം പറയുന്നു. ലേബറും ലിബറല്‍ ഡെമോക്രാറ്റുകളുമെല്ലാം ഈ നയം മാറ്റത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

ജോണ്‍സണ്‍ന്റെ ഭാവി പ്രിവിലേജ് കമ്മിറ്റിയുടെ കൈയ്യില്‍

നിയമ ലംഘനങ്ങള്‍ക്ക് 126 പിഴകള്‍ ഈടാക്കിയതായി ഗ്രേയുടെ റിപ്പോര്‍ട്ടിലും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ ഓപ്പറേഷന്‍ ഹില്‍മാന്‍ അന്വേഷണത്തിലും കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ കോമണ്‍സ് അന്വേഷണത്തെ നേരിടുകയാണ്. ഡൗണിംഗ് സ്ട്രീറ്റില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന തന്റെ നിലപാട് ആവര്‍ത്തിക്കുന്നതിലൂടെ ജോണ്‍സണ്‍ പാര്‍ലമെന്റിനോട് കള്ളം പറഞ്ഞിട്ടുണ്ടോയെന്ന കാര്യത്തില്‍ പ്രിവിലേജസ് കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക. സഭയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്ന് തെളിഞ്ഞാല്‍ രാജി വെയ്ക്കേണ്ടതായി വരുമെന്ന് നിരീക്ഷകര്‍ പറയുന്നു.

കരുത്തു നേടി വിമതര്‍

അതിനിടെ പാര്‍ട്ടി ഗേറ്റ് സംബന്ധിച്ച ജോണ്‍സന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോമണ്‍സ് ജസ്റ്റിസ് കമ്മിറ്റി ചെയര്‍മാന്‍ ബോബ് നീലും രംഗത്തുവന്നു. രാജ്യം മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളില്‍ നിശ്ചലമായിരിക്കെ 10ാം നമ്പറില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ജോണ്‍സണ്‍ പങ്കെടുത്തതു ശരിയായില്ലെന്ന് ബോബ് നീല്‍ പറഞ്ഞു.

പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി ഇദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റിലും മറ്റിടങ്ങളിലും പ്രധാനമന്ത്രി നല്‍കിയ വിശദീകരണങ്ങള്‍ വിശ്വസനീയമല്ലെന്നും നീല്‍ പറഞ്ഞു. ഇക്കാരണത്താലാണ് ബോറിസ് ജോണ്‍ണെതിരെ അവിശ്വാസം വേണമെന്ന് ആവശ്യപ്പെടുന്നത്. നീലിനൊപ്പം, എംപിമാരായ സ്റ്റീഫന്‍ ഹാമണ്ട്, ഡേവിഡ് സിമണ്ട്സ്, ജോണ്‍ ബാരണ്‍, ജൂലിയന്‍ സ്റ്റര്‍ഡി എന്നിവരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു.

വിവാദത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെയും രാഷ്ട്രീയ പ്രക്രിയകളെയും മോചിപ്പിക്കണമെങ്കില്‍ നേതൃ മാറ്റം വേണമെന്നാണ് വിമതരുടെ നിലപാട്. മരണാനന്തര ചടങ്ങുകള്‍ക്ക് പോലും വിലക്കുകള്‍ നിലനില്‍ക്കുന്ന വേളയില്‍ ബോറിസ് ജോണ്‍സണ്‍ തന്റെ ജീവനക്കാര്‍ക്കായി ഗുഡ്ബൈ പാര്‍ട്ടി നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Comments are closed.