head1
head 3
head2

നേതൃത്വ മല്‍സരത്തില്‍ കഷ്ടിച്ച് കരകയറി…പക്ഷേ…വിമതര്‍ക്ക് കരുത്തേറുന്നു

ലണ്ടന്‍ : പാര്‍ട്ടി നേതൃത്വ മല്‍സരത്തില്‍ കഷ്ടിച്ച് കരകയറാനായെങ്കിലും വിമത പാളയം ശക്തിപ്പെട്ടത് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കനത്ത പ്രഹരമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചത് മുന്‍ പ്രധാനമന്ത്രി തെരേസ മേയിനേക്കാള്‍ കുറഞ്ഞ വോട്ടിലാണ്. ഇത് ഇദ്ദേഹത്തിന്റെ നില പരുങ്ങലിലാണെന്ന സൂചനയാണ് നല്‍കുന്നത്.

പാര്‍ട്ടിയിലെ 211 എംപിമാര്‍ ബോറിസ് ജോണ്‍സനെ വിശ്വാസത്തിലെടുത്തപ്പോള്‍ 148 പേരാണ് എതിര്‍പ്പറിയിച്ചത്. പാര്‍ട്ടിയിലെ 59% എംപിമാരെ ജോണ്‍സണെ അംഗീകരിക്കുന്നുള്ളുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2018ലെ വിശ്വാസവോട്ടെടുപ്പില്‍ തെരേസ മേയ്ക്ക് 63% എംപിമാരുടെ പിന്തുണ ലഭിച്ചിരുന്നു. എന്നിട്ടും ആറുമാസത്തിനുള്ളില്‍ അവര്‍ ഭരണത്തില്‍ നിന്നും പുറത്തായി. ഇത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെയും അനുകൂലികളുടെയും നെഞ്ചിടിപ്പേറ്റുന്നതാണ്.

എം പിമാരെ ചാക്കിലാക്കാന്‍ നികുതിയിളവുകളുള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ പധാനമന്ത്രി നല്‍കിയിരുന്നു. സ്വന്തം തിരഞ്ഞെടുപ്പ് വിജയത്തിന്റെ റെക്കോര്‍ഡും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇവയൊന്നും കാര്യമായി ഫലം കണ്ടില്ല. പാര്‍ട്ടിഗേറ്റ് അഴിമതി, സാമ്പത്തിക നയം, അഭിപ്രായ വോട്ടെടുപ്പുകളിലെ മലക്കം മറിച്ചിലുകള്‍, പ്രധാനമന്ത്രിയുടെ നേതൃശൈലി എന്നിവയൊക്കെ ബോറിസിനെതിരായ കരുക്കളാവുകയായിരുന്നു.

കോമണ്‍സിലെ പാര്‍ട്ടിയുടെ 15% പ്രതിനിധികള്‍ -54 എംപിമാര്‍- പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.

Comments are closed.