head2
head1
head 3

എങ്ങും തൊടാതെ ബ്രിട്ടനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും

ലണ്ടന്‍ : ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ തുടക്കം മുതല്‍ ‘ഇളക്കി’ക്കൊണ്ടിരുന്ന ബ്രിട്ടനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഒടുവില്‍ ‘തനിക്കൊണം’ കാട്ടി. ഉക്രെയ്നിലെ ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെങ്കിലും ഉക്രെയ്നില്‍ റഷ്യന്‍ സേനയുമായി പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എസ്റ്റോണിയയിലേക്കും പോളണ്ടിലേക്കും നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് ഇദ്ദേഹം മനസ്സു തുറന്നത്.

‘ഉക്രെയ്നിലെ റഷ്യന്‍ സേനയുമായി യുദ്ധം ചെയ്യില്ല. നാറ്റോ അംഗങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം,’ ജോണ്‍സണ്‍ പറഞ്ഞു. എസ്റ്റോണിയന്‍ പ്രധാനമന്ത്രി കാജ കല്ലാസ്, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് എന്നിവരും ബോറിസ് ജോണ്‍സണൊപ്പമുണ്ടായിരുന്നു.

അഭയത്തിനായി അപേക്ഷിക്കാതെ തന്നെ മൂന്ന് വര്‍ഷം വരെ തുടരാന്‍ ഉക്രെയിന്‍കാരെ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിരുന്നു. ഈ സംവിധാനം യുകെ ഏര്‍പ്പെടുത്താത്തതും ബ്രിട്ടന്റെ സ്വഭാവം വെളിപ്പെടുത്തുന്നതായിരുന്നു.

രാജ്യത്തെ ഉക്രെയിന്‍കാര്‍ക്ക് അവരുടെ അടുത്ത കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതില്‍ പങ്കാളികളും കുട്ടികളും മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു. മാതാപിതാക്കളോ സഹോദരങ്ങളോയില്ല. അഭയാര്‍ഥികള്‍ക്ക് യുകെയിലേക്ക് വരാനുള്ള മാനുഷിക വഴികളുടെ ആദ്യ ഘട്ടം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉക്രെയിനിന് സൈനിക സഹായം വാഗ്ദാനം ചെയ്ത ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് യുകെയെന്ന് ജോണ്‍സണ്‍ പറഞ്ഞു. പുടിനെതിരായ സാമ്പത്തിക കുരുക്ക് മുറുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷക്കണക്കിനാളുകളെ ഏറ്റെടുത്തതിന് ബോറിസ് ജോണ്‍സണ്‍ പോളണ്ടിന് നന്ദി പറഞ്ഞു.

പത്രസമ്മേളനത്തിനെത്തിയ ഒരു ഉക്രൈനിയന്‍ പത്രപ്രവര്‍ത്തക ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് കണ്ണീരില്‍ കുതിര്‍ന്ന ചോദ്യ ശരങ്ങള്‍ ഉയര്‍ത്തിയത് ലോക ശ്രദ്ധ നേടിയിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.