head 3
head2
head1

ഫെബ്രുവരി ഒന്നു മുതല്‍ പുതിയ ഇയു നിബന്ധന വരുന്നു… ബൂസ്റ്ററെടുത്തില്ലെങ്കില്‍ വിമാനയാത്ര മുടങ്ങിയേക്കാം

ബ്രസല്‍സ് : കോവിഡ് വാക്സിനേഷന്‍ പൂര്‍ണ്ണമായും എടുക്കാത്തവര്‍ക്ക് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ വരുന്നു. നല്ലൊരു വിഭാഗം ആളുകള്‍ ഇപ്പോഴും വാക്സിനേഷനില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടാതെയുണ്ട്. അവരുടെ ഇന്റര്‍നാഷണല്‍ യാത്രകളെ സങ്കീര്‍ണ്ണമായി ബാധിക്കുന്ന നിലയിലാകും ഇയുവിന്റെ പുതിയ നിബന്ധനകള്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിന് മുമ്പ് രണ്ടാമത്തെ വാക്സിന്‍ ഡോസ് സ്വീകരിച്ചവരും ബൂസ്റ്ററെടുക്കാതെ തുടരുന്നതുമായവരെയാകും ഈ പ്രശ്നം കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക. ഇവരുടെ ഡിസിസിയുടെ കാലാവധിയാണ് ഫെബ്രുവരി ഒന്നിന് അവസാനിക്കുന്നത്.

മാള്‍ട്ട ഒഴികെയുള്ള രാജ്യങ്ങളില്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചിട്ടുള്ളവര്‍ ഏറെയാണ്. ഇത്തരക്കാരുടെ യാത്രകള്‍ പ്രതിസന്ധിയിലാകുമെന്നാണ് സൂചന. ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഫെബ്രുവരി ഒന്നോടെ അവസാനിക്കും. അതിന് ശേഷം ബൂസ്റ്റര്‍ ഡോസുകളെടുക്കാത്തവര്‍ക്ക് യാത്ര ബുദ്ധിമുട്ടാകും. എന്നിരുന്നാലും, കോവിഡില്‍ നിന്ന് മോചനം നേടിയതിന്റെ തെളിവോ യാത്ര ചെയ്യുന്നതിനു മുമ്പെടുത്ത പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് ഇപ്പോഴും യാത്ര സാധ്യമാകും.

കോവിഡില്‍ നിന്ന് മുക്തി നേടിയതിനു രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത് ഒമ്പത് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് കൂടിയെടുക്കണമെന്നുമാണ് വ്യവസ്ഥ വരുന്നത്. ചെറുപ്പക്കാരിലാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരിലേറെയുമുള്ളത്. 18നും 49നും ഇടയില്‍ പ്രായമുള്ളവരാണ് ബൂസ്റ്ററില്‍ പിന്നോക്കം നില്‍ക്കുന്നത്.

അന്താരാഷ്ട്ര യാത്രകളില്‍ എന്തെങ്കിലും സ്വാധീനം ഇതുണ്ടാക്കുമെന്ന് കരുതുന്നില്ലെന്ന് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ഹാക്കറ്റ് പറഞ്ഞു. ബൂസ്റ്റര്‍ വാക്സിനേഷനെ തുടര്‍ന്നുള്ള ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിന്റെ സാധുതയ്ക്ക് നിലവില്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഹാക്കറ്റ് പറഞ്ഞു. ബൂസ്റ്റര്‍ ഡോസെടുത്തു കഴിഞ്ഞാല്‍, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വീണ്ടും പ്രവര്‍ത്തനക്ഷമവും സാധുതയുള്ളതുമാകുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ യാത്രകള്‍ മുടങ്ങാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

Comments are closed.