head2
head1
head 3

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. വിധിയെ തുടര്‍ന്ന് “ദൈവത്തിന് സ്തുതി” എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 105 ദിവസത്തോളം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് വിധി വരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്.

2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗം, പ്രകൃതവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ബിഷപ്പിനെതിരെ കേസെടുത്തു. എന്നാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതോടെ മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരവുമായി രംഗത്തെത്തി. പിന്നീട് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും സെപ്റ്റംബര്‍ 21ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. 21 ദിവസത്തോളം പാലാ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു. ഒക്ടോബര്‍ 15ന് ഹൈക്കോടതി ജാമ്യം നല്‍കിപ്പോള്‍ പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചിരുന്നില്ല.

കേസില്‍ 2019 ഏപ്രില്‍ നാലിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ല്‍ വിചാരണ തുടങ്ങിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെടെ 83 പേരുള്ള സാക്ഷിപ്പട്ടികയിലെ 39 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് ആറ് സാക്ഷികളെയാണ് വിസ്തരിച്ചത്. ഈ മാസം പത്തിനാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്.

Comments are closed.