head 3
head2
head1

ശതകോടീശ്വരന്‍ പല്ലോന്‍ജി മിസ്ത്രിക്ക് ദേശീയ ബഹുമതികളോടെ അന്ത്യാഞ്ജലി

മുംബൈ : അയര്‍ലണ്ടിലെ ഏറ്റവും ധനാഢ്യനായ പൗരനും, ഇന്ത്യന്‍ വംശജനുമായ പല്ലോന്‍ജി മിസ്ത്രിക്ക് ലോകം വിട നല്‍കി. ഇദ്ദേഹത്തിന്റെ ശവസംസ്‌കാരം ഇന്നലെ രാവിലെ മുംബൈ പാഴ്‌സി ടവര്‍ ഓഫ് സൈലന്‍സില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്നിവരടക്കമുള്ള നിരവധി പ്രമുഖര്‍ ഇദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു. പല്ലോന്‍ജി മിസ്ത്രിയെ രാജ്യം 2016ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മുംബൈ പോലീസ് ബാന്‍ഡിനൊപ്പം നിരവധി കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും മറ്റ് വ്യവസായികളും, ഐറിഷ് പ്രതിനിധികളും ശവ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.

157 വര്‍ഷത്തെ ചരിത്രമുള്ള ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാനായ 93 കാരനായ മിസ്ത്രി ചൊവ്വാഴ്ച വെളുപ്പിനാണ് സ്വവസതിയില്‍ അന്തരിച്ചത്.

ഗുജറാത്തിലെ പാഴ്സി കുടുംബത്തില്‍ 1929 ജൂണ്‍ 1നാണ് പല്ലോന്‍ജി മിസ്ത്രി ജനിച്ചത്. മുംബൈയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പോയി. പിന്നീട് ബിസിനസില്‍ സജീവമായി. പല്ലോന്‍ജി മിസ്ത്രിയുടെ പരിശ്രമത്തില്‍ ബിസിനസ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വേരൂന്നി. അദ്ദേഹത്തിന്റെ പിതാവ് ഷാപൂര്‍ജി 1930ല്‍ ടാറ്റ സണ്‍സിന്റെ ഓഹരികള്‍ വാങ്ങി. 18 ശതമാനം ഓഹരികളിപ്പോള്‍ ഈ കുടുംബത്തിലാണ്.

ഡബ്ലിന്‍കാരിയായ പാറ്റ്‌സി പെരിനെ വിവാഹം കഴിച്ച പല്ലോന്‍ജി മിസ്ത്രി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് 2003ല്‍ ഐറിഷ് പൗരത്വം സ്വീകരിച്ചു. ലൈല, ആലു, ഷാപൂര്‍, സൈറസ് മിസ്ത്രീ എന്നിവരാണ് മക്കള്‍.

1887 മുതല്‍ ശ്രദ്ധേയമായ നിര്‍മ്മാണ ചരിത്രത്തിനുടമയാണ് 1865ല്‍ ആരംഭിച്ച ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് കമ്പനി. മലബാര്‍ ഹില്‍ റിസര്‍വോയര്‍ നിര്‍മ്മിച്ച കമ്പനികളിലൊന്നാണ് ലിറ്റില്‍വുഡ് പല്ലോന്‍ജി ആന്റ് കമ്പനി.

എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, വാട്ടര്‍, എനര്‍ജി, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നിങ്ങനെ ആറ് ബിസിനസ്സുകളിലായി പ്രവര്‍ത്തിക്കുന്ന 18 പ്രമുഖ കമ്പനികളുള്‍പ്പെട്ട ആഗോള ബിസിനസ് കൂട്ടായ്മയാണ് പല്ലോന്‍ജി ഗ്രൂപ്പ്.

50ലധികം രാജ്യങ്ങളിലായി 50,000ലധികം തൊഴിലാളികളുണ്ട് ഗ്രൂപ്പില്‍. ആര്‍ ബി ഐ ആസ്ഥാനം, എസ് ബി ഐ, എച്ച് എസ് ബി സി, ഗ്രിന്‍ഡ്ലേസ് ബാങ്ക്, ഹോങ്കോംഗ് ആന്റ് ഷാങ്ഹായ് ബാങ്ക് തുടങ്ങി ദക്ഷിണ മുംബൈയിലെ മറ്റ് പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്ക് പുറമെ നിരവധി മെഗാ, ഐക്കണിക് ഘടനകളും ഗ്രൂപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കെ. ആസിഫിന്റെ ‘മുഗള്‍-ഇ-അസം’ (1960) എന്ന പേരിലുള്ള ഹിന്ദി ചിത്രവും ഗ്രൂപ്പ് നിര്‍മ്മിച്ചു. ബോളിവുഡിലെ അക്കാലത്തെ ഏറ്റവും ചെലവേറിയതും ജനപ്രിയവുമായ സിനിമകളില്‍ ഒന്നായിരുന്നു ഇത്.

Comments are closed.