head 3
head1
head2

ഇന്ത്യയില്‍ ഐഇഎല്‍ടിഎസ് പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി : വിദേശ രാജ്യത്ത് പഠിക്കുന്നതിനും മൈഗ്രേറ്റുചെയ്യുന്നതിനുമായി ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐഇഎല്‍ടിഎസ്) പരീക്ഷ എഴുതുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചു.

പാന്‍ഡെമിക്കിനെ തുടര്‍ന്ന് ഐഇഎല്‍ടിഎസ് പരീക്ഷാര്‍ഥികളുടെ എണ്ണം 15% വരെ വര്‍ദ്ധിച്ചതായി ഇന്ത്യയിലെ ഐഇഎല്‍ടിഎസ് നടത്തിപ്പുകാരായ ഐഡിപി എജ്യുക്കേഷന്‍ ലിമിറ്റഡ് വെളിപ്പെടുത്തി.

പ്രി പാന്‍ഡെമിക്കിന് മുമ്പുള്ള സാധാരണ വര്‍ഷത്തേക്കാള്‍ 10-15 ശതമാനം കൂടുതലാളുകളാണ് ഐഇഎല്‍ടിഎസ് എഴുതിയതെന്ന് ഐഡിപി എഡ്യുക്കേഷന്‍ റീജിയണല്‍ ഡയറക്ടര്‍ (സൗത്ത് ഏഷ്യ- മൗറീഷ്യസ്) പിയൂഷ് കുമാര്‍ പറഞ്ഞു.

കേരളത്തിലുള്‍പ്പടെ 23 പുതിയ ഓഫീസുകള്‍

കഴിഞ്ഞ മാസം, ഗാന്ധിനഗര്‍, ആനന്ദ്, റായ്പൂര്‍, ഷിംല, കുരുക്ഷേത്ര, ജമ്മു, ട്രിച്ചി, തൃശൂര്‍, പട്ന, ഗുവാഹത്തി, കോഴിക്കോട്, ഗോവ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളം 23 പുതിയ ഓഫീസുകളാണ് ഐഡിപി ആരംഭിച്ചത്.

ഓസ്‌ട്രേലിയ, യുഎസ്എ, യുകെ, കാനഡ, ന്യൂസിലന്‍ഡ്, അയര്‍ലണ്ട് എന്നിവിടങ്ങളിലെ പ്രശസ്ത സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും പഠിക്കാന്‍ ഈ പുതിയ ഓഫീസുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങും. വെര്‍ച്വല്‍, ഇന്‍-പേഴ്‌സണ്‍ മോഡ് വഴിയാണ് കൗണ്‍സിലിംഗ് സേവനങ്ങളിലേക്ക് പ്രവേശനം ലഭിക്കുക.

കോഴ്‌സ്, യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ്, അപേക്ഷാ സമര്‍പ്പണം, ഓഫര്‍ സ്വീകാര്യത, വിസ സഹായം, താമസസൗകര്യം കണ്ടെത്തല്‍, ആരോഗ്യ ഇന്‍ഷുറന്‍സിനായി അപേക്ഷിക്കല്‍, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ ഓഫീസുകള്‍ വിദ്യാര്‍ഥികളെ സഹായിക്കും. വിദേശ പഠനത്തെയും വിദേശ യാത്രയെയും സഹായിക്കുന്നതിന് വിദഗ്ധരുടെ സഹായവും ലഭിക്കും.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്ന ആഗോള നിലവാരത്തിലുള്ള പരീക്ഷയാണ് ഐഇഎല്‍ടിഎസ്. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ തെളിവായി ലോകമെമ്പാടുമുള്ള പതിനായിരത്തിലധികം ഓര്‍ഗനൈസേഷനുകള്‍ ഈ പരീക്ഷയെ അംഗീകരിക്കുന്നു.

Comments are closed.