head1
head 3
head2

ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്നു; പ്രതിദിന കേസുകളില്‍ 41% വര്‍ദ്ധന

ന്യൂ ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഒരു ദിവസം കൊണ്ട് പ്രതിദിന കേസുകളില്‍ 41% വര്‍ദ്ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 5233 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് ആറിന് ശേഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ആകെ രോഗികളുടെ എണ്ണം 28,857 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 1881 കേസുകളാണ് സ്ഥിരീകരിച്ചത്. മുംബൈയില്‍ 1242 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലും തുടര്‍ച്ചയായ ദിനങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയതായി 2271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. 622 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്. ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചതാകാം കേസുകളുടെ എണ്ണം വീണ്ടും ഉയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതേ തുടര്‍ന്ന് മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

Comments are closed.