head 3
head2
head1

റഷ്യയെ സഹായിക്കരുത്… ചൈനയ്ക്ക് ബൈഡന്റെ മുന്നറിയിപ്പ്…

വാഷിംഗ്ടണ്‍ : റഷ്യയെ വഴിവിട്ട് സഹായിക്കുന്നതിനെതിരെ ചൈനയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ വീഡിയോ കോളിലാണ് ബൈഡന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

റഷ്യന്‍ സൈന്യം സിവിലിയന്മാര്‍ക്ക് നേരെ ആക്രമണം തുടരുന്നതായുള്ള ഉക്രൈന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലുണ്ടായത്.

ഉക്രൈനിയന്‍ നഗരങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ ക്രൂരമായ ആക്രമണം നടത്തുന്ന റഷ്യയ്ക്ക് പിന്തുണ നല്‍കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ഷിയോട് ബൈഡന്‍ വിവരിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ലോകം മുഴുവന്‍ റഷ്യയുടെ ആക്രമണത്തെ അപലപിച്ചെങ്കിലും ഇതുവരെ ചൈന അതിന് തയ്യാറായിട്ടില്ല. ഇത് ലോകം ശ്രദ്ധിച്ച സംഗതിയാണ്. വന്‍ശക്തിയായ ചൈന മോസ്‌കോയ്ക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുമെന്ന ഭയം വാഷിംഗ്ടണുണ്ട്. റഷ്യയെ അപലപിക്കണമെന്ന് യുഎസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെങ്കിലും ചൈന അതിന് മുതിര്‍ന്നതുമില്ല. ഈ സാഹചര്യത്തിലാണ് ബൈഡന്റെ ഫോണ്‍ സംഭാഷണമെന്നാണ് സൂചന. രണ്ട് മണിക്കൂറോളം സമയം ജോ ബൈഡനും ഷിന്‍ പിംഗുമായി സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഉക്രൈയ്ന്‍ പ്രതിസന്ധി ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വെറുതെ കുറ്റപ്പെടുത്താതെ സംഘര്‍ഷത്തിന് പിന്നിലെ ഘടകങ്ങള്‍ പരിഹരിക്കാന്‍ നാറ്റോ റഷ്യയുമായി ചര്‍ച്ച നടത്തണമെന്ന നിലപാടാണ് ചൈനയുടേത്. ഇക്കാര്യവും ചൈനിസ് പ്രസിഡന്റ് വ്യക്തമാക്കിയതായാണ് വിവരം.

ഏതുവിധേനയും ലക്ഷ്യം നേടുമെന്ന് പുടിന്‍

എന്തു വില കൊടുത്തും ഉക്രൈനില്‍ റഷ്യ വിജയം നേടുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. ‘എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെ ചെയ്യണമെന്നും എന്ത് വില നല്‍കേണ്ടി വരുമെന്നും ഞങ്ങള്‍ക്കറിയാം. എല്ലാ പദ്ധതികളും പൂര്‍ണ്ണമായും പൂര്‍ത്തിയാക്കും’- റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞു. മരിയുപോളിലെ സ്ഥിതിയെക്കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുടിനെ അറിയിച്ചു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഇഴയുന്നു

ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിലയില്‍ നാറ്റോ സഖ്യത്തിന് പുറത്ത് ഉക്രൈയ്‌ന് സുരക്ഷ ഉറപ്പുനല്‍കുകയെന്ന രാഷ്ട്രീയ ഫോര്‍മുല ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് കീവും മോസ്‌കോയും വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ വെടിനിര്‍ത്തണമെന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നുമുള്ള ആവശ്യങ്ങളില്‍ മാറ്റമില്ലെന്ന് ഉക്രൈയ്ന്‍ പറഞ്ഞു. ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഇരുപക്ഷവും പരസ്പരം കുറ്റാരോപണവും നടത്തിയിരുന്നു.

ആരോപണങ്ങളുമായി റഷ്യയും ഉക്രൈനും

സിവിലിയന്മാരെ കീവ് മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നുവെന്ന ആരോപണം റഷ്യ ആവര്‍ത്തിച്ചു. എന്നാല്‍ ഉക്രൈയിന്‍ ഇത് ശക്തമായി നിഷേധിച്ചു. മരിയുപോളില്‍ റഷ്യന്‍ സൈന്യം സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുകയാണെന്ന് ഉക്രൈന്‍ കുറ്റപ്പെടുത്തി. ഒരിക്കലും സിവിലിയന്മാരെ ലക്ഷ്യമിട്ടിട്ടില്ലെന്ന് റഷ്യയും പ്രതികരിച്ചു.

നഗരത്തിലെ 80% വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെന്നും 1,000 -ത്തിലധികം ആളുകള്‍ തകര്‍ന്ന തീയേറ്ററിനു കീഴെയുള്ള താല്‍ക്കാലിക ബോംബ് ഷെല്‍ട്ടറുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കീവിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മരിയുപോളില്‍ ബോംബിംഗില്‍ തകര്‍ന്ന തിയേറ്ററിന്റെ ബേസ്‌മെന്റില്‍ നിന്ന് 130 പേരെ രക്ഷപ്പെടുത്തിയതായി ഉക്രൈന്‍ അറിയിച്ചു. ഈ ആക്രമണം റഷ്യ നിഷേധിച്ചു.

ഉക്രൈയ്‌നിലെ റഷ്യയുടെ മുന്നേറ്റം ഏറെക്കുറെ സ്തംഭിച്ചുവെങ്കിലും പോരാട്ടം കേന്ദ്രത്തില്‍ എത്തിയെന്ന് റഷ്യന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു. മരിയുപോളിന് ചുറ്റും തീര്‍ക്കുന്ന കുരുക്ക് കൂടുതല്‍ മുറുക്കുമെന്നും വകുപ്പ് പറഞ്ഞു.

ഉക്രൈയ്‌നിന്റെ ഭക്ഷ്യ വിതരണ ശൃംഖല തകര്‍ന്നതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ (ഡബ്ല്യുഎഫ്പി) ക്രൈസിസ് എമര്‍ജന്‍സി കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് കേണ്‍ വെളിപ്പെടുത്തിയിരുന്നു. അരക്ഷിതത്വവും ആക്രമണ ഭയവും ചരക്കുകളുടെ നീക്കത്തെ തടസ്സപ്പെടുത്തുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.