head2
head1
head 3

മങ്കിപോക്സ് രോഗികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ബെല്‍ജിയം

ബ്രസല്‍സ് : ലോകത്തിന് ആശങ്ക പരത്തി മങ്കിപോക്സ് പടരുന്നതിനിടെ രോഗബാധിതര്‍ക്ക് ബെല്‍ജിയം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. മങ്കിപോക്സ് ബാധിതര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ബെല്‍ജിയം. വൈറസ് ബാധിതര്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ക്വാറന്റൈനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ അവരുടെ വ്രണങ്ങള്‍ കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ബെല്‍ജിയത്തില്‍ ആദ്യത്തെ രോഗബാധ വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്. ആന്റ്വെര്‍പ് സിറ്റിയിലെ ഡാര്‍ക്ക് ലാന്‍ഡ്സ് 2022 ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് രോഗബാധകളെല്ലാം. ഡാര്‍ക്ക് ലാന്‍ഡ് സന്ദര്‍ശകരില്‍ മൂന്നുപേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതായി ബെല്‍ജിയന്‍ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നുള്ള സന്ദര്‍ശകരാണ് ഫെസ്റ്റിവലിലേക്ക് രോഗം കൊണ്ടുവന്നതെന്നാണ് അനുമാനിക്കുന്നതെന്ന് ഗവണ്‍മെന്റിന്റെ റിസ്‌ക് അസസ്മെന്റ് ഗ്രൂപ്പ് വ്യക്തമാക്കി. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഡാര്‍ക്ക്‌ലാന്‍ഡിനോട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. മങ്കിപോക്സ് ബാധ ഡാര്‍ക്ക് ലാന്‍ഡ്സ് സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പ് സന്ദേശമാണെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.

അയര്‍ലണ്ടില്‍ നിരീക്ഷണത്തിന് വിദഗ്ധ സമിതി

നിലവില്‍ അയര്‍ലണ്ടില്‍ അറിയപ്പെടുന്ന കുരങ്ങുപനി കേസുകളൊന്നുമില്ല. എന്നിരുന്നാലും രോഗവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സാഹചര്യം നിരീക്ഷിക്കാന്‍ എച്ച് എസ് ഇ വിദഗ്ധ ടീമിനെ നിയോഗിച്ചു. ഈ ഗ്രൂപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് യഥാസമയം അപ്ഡേറ്റുകള്‍ നല്‍കുമെന്നും ഏജന്‍സി അറിയിച്ചു.
കൂടാതെ മങ്കി പോക്സ് പ്രശ്നം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അയര്‍ലണ്ടില്‍ മള്‍ട്ടി ഡിസിപ്ലിനറി ഇന്‍സിഡന്റ് മാനേജ്മെന്റ് ടീമിനും രൂപം നല്‍കി.

രോഗത്തിന് യാത്രാ ബന്ധമില്ലെന്ന് എച്ച്.പി .എസ്.സി

അന്താരാഷ്ട്രതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിപക്ഷത്തിനും യാത്രാ ബന്ധമില്ലെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ (എച്ച്.പി.എസ്.സി) വ്യക്തമാക്കി. യുകെയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും സ്വവര്‍ഗ്ഗാനുരാഗികള്‍, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ എന്നീ വിഭാഗങ്ങളിലാണെന്ന് എച്ച്.പി.എസ്.സി പറഞ്ഞു. കുരങ്ങുപനി അണുബാധയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എച്ച്.പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

14 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു

പടിഞ്ഞാറ് മധ്യ ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ മങ്കിപോക്സ് ഇതിനകം 14 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. 120 രോഗബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്. പനി, തലവേദന, വിറയല്‍, ക്ഷീണം, വേദന എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മുഖത്താരംഭിക്കുന്ന ചെറുപാടുകള്‍ ഏതാണ്ട് അഞ്ച് ദിവസത്തിനകം ശരീരത്തിലാകെ ബാധിക്കും. പൂര്‍ണ്ണമായും രോഗമുക്തി നേടാന്‍ ആഴ്ചകളെടുക്കും. ഒന്നു മുതല്‍ 10 ശതമാനം വരെയാണ് മരണനിരക്ക്. യുവാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

Comments are closed.