head1
head 3
head2

കിവീസ് മണ്ണില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ലോക ടെസ്റ്റ് ചാമ്പ്യന്‍മാരെ എട്ട് വിക്കറ്റിന് തകര്‍ത്തു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ അട്ടിമറി ജയം. ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡില്‍ ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. കിവീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് ജയം കൂടിയാണിത്. സ്‌കോര്‍- ന്യൂസിലാന്‍ഡ് 328 & 169, ബംഗ്ലാദേശ് 458 & 42/2. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 169ന് പുറത്താക്കിയ ബംഗ്ലാദേശിന് ജയിക്കാന്‍ 40 റണ്‍സാണ് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യം കാണുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കിവീസ് 328 റണ്‍സ് നേടി. 122 റണ്‍സ് നേടിയ ഡെവന്‍ കോണ്‍വെ ആയിരുന്നു ടോപ് സ്‌കോറര്‍. വില്‍ യങ് (52) ഹെന്റി നിക്കോളാസ് (75) എന്നിവരും തിളങ്ങി. ബംഗ്ലാദേശിനായി മെഹദി ഹസന്‍, ഷൊരിഫുല്‍ ഇസ്ലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 458 റണ്‍സ് നേടി, 130 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. നായകന്‍ മൊമിനുള്‍ ഹഖ് (88), ലിറ്റണ്‍ ദാസ് (86), മഹ്‌മുദുള്‍ ഹസന്‍ ജോയ് (78), ഷാന്റോ (64) എന്നിവരാണ് തിളങ്ങിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് അവിടെ പിഴച്ചു. വെറും 169 റണ്‍സിനു പുറത്തായി. വില്‍ യംഗ് (69), റോസ് ടെയ്ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈനാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തി തസ്‌കിന്‍ അഹമ്മദും പിന്തുണ നല്‍കി.

അതോടെ രണ്ടാം ഇന്നിങ്‌സില്‍ 40 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശ് 12 പോയിന്റ് സ്വന്തമാക്കി. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഈ മാസം ഒമ്പതിനാണ് രണ്ടാം ടെസ്റ്റ്.

Comments are closed.