head2
head 3
head1

കുത്തേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; കൈ ഞരമ്പുകള്‍ക്കും കരളിനും പരുക്ക്, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊതുപരിപാടിക്കിടെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനായ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ റുഷ്ദിയുടെ കരളിനും കൈ ഞരമ്പുകള്‍ക്കും ഒരു കണ്ണിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ന്യൂയോര്‍ക്കിലെ ഷതൗക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. അവതാരകന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ ആക്രമി വേദിയിലേക്ക് ഓടി വന്ന് കുത്തുകയും ഇടിക്കുകയുമാണുണ്ടായത്. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരനായ ഹാദി മതാറാണ് ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റുഷ്ദിയുമായി അഭിമുഖം നടത്താനിരുന്ന ആള്‍ക്കും തലയ്ക്ക് ചെറിയ പരിക്ക് പറ്റിയെന്ന് ന്യൂയോര്‍ക്ക് പോലീസ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് പരിപാടി ആരംഭിച്ചത്.

ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് പൗരനാണ് 75കാരനായ സല്‍മാന്‍ റുഷ്ദി. കഴിഞ്ഞ 20 വര്‍ഷമായി യുഎസിലാണ് താമസം. 1988 ല്‍ പുറത്തിറങ്ങിയ റുഷ്ദിയുടെ ‘സത്താനിക് വേഴ്സസ്’ എന്ന പുസ്തകം മത നിന്ദയുടെ പേരില്‍ വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തള്ള ഖൊമേനി റഷ്ദിയെ വധിക്കാനായി ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇറാന്‍ 3 മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Comments are closed.