head1
head2
head 3

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു; കോമണ്‍വെല്‍ത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയയോട് 9 റണ്‍സിന് തോറ്റ ഇന്ത്യയ്ക്ക് വെള്ളി. ബിര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ഓവര്‍ ത്രില്ലറില്‍ കോടിക്കണക്കിന് ഹൃദയങ്ങളെ തകര്‍ത്ത് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കി.

162 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. എന്നാല്‍ ആദ്യ മൂന്ന് പന്തില്‍ തന്നെ രണ്ട് വിക്കറ്റും വീണതോടെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി വഴങ്ങി വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇരുപത് ഓവറില്‍ 8 വിക്കറ്റിന് 161 റണ്‍സ് നേടി. 41 പന്തില്‍ 61 റണ്‍സ് നേടിയ ബെത്ത് മൂണിയാണ് ടോപ് സ്‌കോറര്‍. മൂണിയും ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും (36) ചേര്‍ന്നുള്ള 78 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യയ്ക്കു വേണ്ടി പേസര്‍ രേണുക സിംഗ് 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സ്മൃതി മന്ദാന(6)യേയും ഷെഫാലി വര്‍മ(11)യേയും തുടക്കത്തില്‍ തന്നെ നഷ്ടമായതാണ് തിരിച്ചടിയായത്. 43 പന്തില്‍ 65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് പിന്നീട് പ്രതീക്ഷ നല്‍കിയത്. എന്നിരുന്നാലും, ടീമില്‍ മറ്റാരും കാര്യമായി തിളങ്ങാത്തതിനാലും, അപ്രതീക്ഷിതമായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി. 19.3 ഓവറില്‍ 152 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ആകെ പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്കെതിരെ മാത്രമാണ്. കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലിലും ഇന്ത്യ വീണത് ഓസീസിനു മുന്നിലാണ്.

Comments are closed.