head2
head1
head 3

ആഷസില്‍ രക്ഷയില്ലാതെ ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റിലും ഓസീസിന് വമ്പന്‍ ജയം

അഡ്‌ലെയ്ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് കനത്ത തോല്‍വി. ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനാണ് പരാജയപെട്ടതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ 275 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറിനാണ് ഇംഗ്ലീഷുകാര്‍ കങ്കാരുപ്പടയ്ക്കു മുന്നില്‍ മുട്ടുമടക്കിയത്. 468 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 192 റണ്‍സില്‍ പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി.

ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറും (95) ലാബുഷാഗ്നെ(103)യും മിന്നുന്ന തുടക്കമാണ് ആതിഥേയര്‍ക്ക് സമ്മാനിച്ചത്. വാര്‍ണര്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ നായകന്‍ സ്മിത്തും (93) വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയും (51) പക്വതയോടെ കളിച്ചതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മങ്ങുകയായിരുന്നു. വാലറ്റത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും മൈക്കല്‍ നെസറും തകര്‍ത്തടിച്ചതോടെ 473 എന്ന വമ്പന്‍ സ്‌കോറിലേക്ക് ഓസ്ട്രേലിയ കുതിച്ചു.

ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്‌സില്‍ ഡേവിഡ് മലാനും (80) നായകന്‍ ജോ റൂട്ടും (62) മിക്കച്ച രീതിയില്‍ കളിച്ചെങ്കിലും അവര്‍ക്കു ശേഷം ക്രീസിലെത്തിയ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. 236 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ട് ആയതോടെ 237 റണ്‍സിന്റെ കൂറ്റന്‍ ലീഡുയര്‍ത്താന്‍ ഓസീസിനായി. ഫോള്ളോ ഓണ്‍ ചെയ്യാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ, ലാബുഷാഗ്നെ (51), ട്രാവിസ് ഹെഡ് (51), കാമെറോണ്‍ ഗ്രീന്‍ (31) എന്നിവരുടെ ബലത്തില്‍ 230 റണ്‍സ് കൂടെ രണ്ടാം ഇന്നിംഗ്‌സില്‍ ചേര്‍ത്തു (467 റണ്‍സ് ലീഡ്). ജയിക്കാനായി ഇംഗ്ലണ്ടിനു മുന്നില്‍ ഓസ്ട്രേലിയ വെച്ചുനീട്ടിയത് 10 വിക്കറ്റും 468 റണ്‍സും!

നാലാം ദിനം അവസാനിച്ചപ്പോഴേക്കും ഇംഗ്ലണ്ടിന് നായകന്‍ റൂട്ടിന്റെ അടക്കം നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനമായ ഇന്ന് 386 റണ്‍സ് എന്ന അസാധാരണ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ക്രിസ് വോക്‌സും പൊരുതി നോക്കിയെങ്കിലും സമനിലയില്‍ എത്തിക്കാനായില്ല. 77 പന്തില്‍ 12 റണ്‍സുമായി സ്റ്റോക്‌സും 97 പന്തില്‍ 44 റണ്‍സുമായി വോക്‌സും പൊരുതി. 207 പന്തുകളില്‍ നിന്ന് 26 റണ്‍സുമായി മതിലുപോലെ നിന്ന ബട്ലര്‍ ഒടുവില്‍ ഹിറ്റ് വിക്കറ്റായി പുറത്താവുകയായിരുന്നു. ജേ റിച്ചാര്‍ഡ്‌സണ്‍ അഞ്ച് വിക്കറ്റുമായി തകര്‍ത്താടിയപ്പോള്‍ അഡ്‌ലെയ്ഡ് ഓവലില്‍ 275 റണ്‍സിന് സ്മിത്തും കൂട്ടരും വിജയക്കൊടി നാട്ടി.

മര്‍നസ് ലാബുഷാഗ്നെയാണ് പ്ലയെര്‍ ഓഫ് ദി മാച്ച്. മൂന്നാം ടെസ്റ്റ് മെല്‍ബണില്‍ ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും.

Comments are closed.