head2
head1
head 3

തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് കങ്കാരുപ്പട. ഓസീസിന്റെ തട്ടകമായ ഗാബയില്‍ ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് പാറ്റ് കമ്മിന്‍സും സംഘവും നേടിയത്. അവസാന ഇന്നിംഗിസില്‍ കേവലം 19 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഓസ്‌ടേലിയക്ക് മുന്‍പില്‍ വെച്ചുനീട്ടിയത്. 5.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് അത് അനായാസമായി മറികടക്കുകയും ചെയ്തു.

ആദ്യ രണ്ട് ദിവസങ്ങളില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും നിറം മങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും (89) ഡേവിഡ് മലാന്റെയും (82) ബാറ്റിംഗ് പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് ഉണര്‍വ് നല്‍കിയത്. ഇരുവരുടെയും ബാറ്റിംഗ് പ്രകടനത്തില്‍ മൂന്നാം ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

എന്നാല്‍ നാലാം ദിനത്തില്‍ (അതായത് ഇന്ന്) ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പിന് ഓസീസ് അന്ത്യം കുറിച്ചു. നഥാന്‍ ലിയോണ്‍ നാല് വിക്കറ്റ് നേട്ടവുമായി ഓസീസ് പട നയിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 297 റണ്‍സിന് ഓള്‍ഔട്ടായി. കേവലം 19 റണ്‍സിന്റെ മാത്രം ലീഡ്!

നേരത്തെ ഓസ്ട്രയിലേക്കു വേണ്ടി ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേട്ടത്തോടെ ട്രാവിസ് ഹെഡ് തിളങ്ങി. വെറും 148 പന്തുകളില്‍ നിന്ന് 152 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടേയും (94) ലബുഷാഗ്നെയുടെയും (74) അര്‍ദ്ധ സെഞ്ച്വറി പ്രകടനവും ഓസീസിന് കരുത്തേകി. ഇംഗ്ലണ്ട് ആദ്യ ഇന്നിംസില്‍ 147 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയ നേടിയത് 425 റണ്‍സ്! 278 റണ്‍സിന്റെ കൂറ്റന്‍ ലീഡ്!

വിജയത്തിനായി 20 റണ്‍സ് എന്ന കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് അലക്‌സ് കാരിയുടെ (9) വിക്കറ്റാണ് നഷ്ടമായത്. മാര്‍ക്കസ് ഹാരിസ് (9), മാര്‍നസ് ലാബുഷെയ്ന്‍ (0) എന്നിവര്‍ പുറത്താകാതെ നിന്നു. ഒലി റോബിന്‍സണാണ് കാരിയുടെ വിക്കറ്റ് നേടിയത്. ജയത്തോടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കി ഓസീസ് 1-0 ന് മുന്നിലെത്തി. ഡിസംബര്‍ 16 -നാണ് രണ്ടാം മത്സരം.

Comments are closed.