head1
head 3
head2

ആഷസ് പോരിന് തുടക്കമായി; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ഈ വര്‍ഷത്തെ ആഷസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമായി. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്ര ടെസ്റ്റ് പരമ്പര നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജനുവരി 18 വരെ നീണ്ടുനില്‍ക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഷസ് ടെസ്റ്റിന് തുടക്കം കുറിച്ചത് 1882-1883ല്‍ നടന്ന പരമ്പര മുതലാണ്.

ഡിസംബര്‍ എട്ട് മുതല്‍ 12 വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. പുതിയ നായകന്റെ കീഴില്‍ 147 റണ്‍സിന് ഇംഗ്ലണ്ടിനെ കങ്കാരു കൂട്ടങ്ങള്‍ ഒതുക്കി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണ് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്‍നിരയില്‍ നിന്നത്. ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിന്റെ വിക്കറ്റ് പിഴുതു മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും കാമറോണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.

ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഒരു റണ്‍സുമെടുക്കാതെ പുറത്തായി. 39 റണ്‍സെടുത്ത ബട്ട്ലറാണ് ടോപ് സ്‌കോറര്‍. 25 റണ്‍സെടുത്ത ഹസീബ് ഹമീദും 35 റണ്‍സെടുത്ത ഓലി പോപ്പും സന്ദര്‍ശകരെ മാന്യമായ സ്‌കോറിലെത്തിക്കാന്‍ സഹായിച്ചു. മഴ കാരണം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. നാളെ ഓസ്‌ട്രെലിയ ആദ്യ ഇന്നിംഗ്‌സ് ബാറ്റിങിനിറങ്ങും.

മൊത്തം 71 ആഷസ് പരമ്പരകള്‍ ഇതുവരെ നടന്നു. ഇതില്‍ 33 എണ്ണം ഓസ്‌ട്രേലിയയും 32 എണ്ണം ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍ കലാശിച്ചു. അവസാനമായി 2019ല്‍ നടന്ന പരമ്പര 2-2ന് സമനിലയിലാണ് അവസാനിച്ചത്.

രണ്ടാം ടെസ്റ്റ് ഡിസംബര്‍ 16 മുതല്‍ 20 വരെ അഡ്‌ലെയ്ഡിലാണ് നടക്കുക. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലും, നാലാം ടെസ്റ്റ് ജനുവരി അഞ്ച് മുതല്‍ ഒമ്പത് വരെ സിഡ്നിയിലും, അഞ്ചാം ടെസ്റ്റ് ജനുവരി 14 മുതല്‍ 18 വരെ പെര്‍ത്തിലുമാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാരണം അവസാന ടെസ്റ്റ് പെര്‍ത്തില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ വേദി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

സ്‌ക്വാഡ്‌സ്

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍, ജെയ് റിച്ചാര്‍ഡ്സണ്‍, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്വെപ്സണ്‍.

ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, ഡോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ട്ലര്‍, സാക്ക് ക്രൗളി, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡേവിഡ് മലന്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍ , ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്.

Comments are closed.