head 3
head1
head2

ചാരമായി ഇംഗ്ലണ്ട്; ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി

ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് കങ്കാരുപ്പട കിരീടം നിലനിര്‍ത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്ത മൂന്നു മത്സരങ്ങളിലും വിജയക്കൊടി പാറിച്ചുകൊണ്ട് തങ്ങളുടെ 34-ാം ആഷസ് കിരീടമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കാന്‍ പോകുന്നത്. മെല്‍ബണിലെ മൂന്നാം അങ്കത്തില്‍ ഇന്നിംഗ്സിനും 14 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം. സ്‌കോര്‍: ഇംഗ്ലണ്ട് 185 & 68, ഓസ്ട്രേലിയ 267.

ഓസീസിനെ വീണ്ടും ബാറ്റിംഗിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 82 റണ്‍സില്‍ കൂടുതല്‍ വേണമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 68ന് പുറത്തായതോടെ നാണംകെട്ട തോല്‍വി വഴങ്ങേണ്ടതായി വന്നു. ക്യാപ്റ്റന്‍ ജോ റൂട്ടിന് ഒഴികെ മറ്റൊരു ബാറ്റര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതാണ് ഇംഗ്ലണ്ടിന്റെ തോല്‍വികള്‍ക്ക് കാരണം. ഓസ്ട്രേലിയയുടെ ബൗളിംഗ് മികവും എടുത്തു പറയേണ്ടതാണ്. വെറും നാല് ഓവറില്‍ ആറ് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരന്‍ പേസര്‍ സ്‌കോട്ട് ബോലാന്‍ഡാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ നിലംപരിശാക്കിയത്. മൂന്നു വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും മിന്നി.

ആദ്യ ഇന്നിംഗ്സില്‍ റൂട്ടിന്റെ അര്‍ദ്ധ സെഞ്ച്വറി (50) മികവില്‍ ഇംഗ്ലണ്ടിന് 185 റണ്‍സെടുക്കാന്‍ സാധിച്ചു. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ മര്‍ക്കസ് ഹാരിസിന്റെയും (76) ഡേവിഡ് വാര്‍ണറിന്റെയും (38) കരുത്തില്‍ ഓസ്‌ട്രേലിയ 267 റണ്‍സെടുത്തു. നാല് വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്‌സണും ഈരണ്ട് വിക്കറ്റുകളുമായി റോബിന്‍സണും മാര്‍ക്ക് വുഡും കളം നിറഞ്ഞതോടെ 82 റണ്‍സിന്റെ ലീഡ് മാത്രമേ ഓസീസിന് ഉയര്‍ത്താന്‍ സാധിച്ചുള്ളൂ.

രണ്ടാം ഇന്നിഗ്സില്‍ പ്രതീക്ഷയോടെയാണ് ഇംഗ്ലീഷ് പട ബാറ്റിങ്ങിനിറങ്ങിയതെങ്കിലും അതികം നേരം അത് നീണ്ടുനിന്നില്ല. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 31 റണ്‍സിന് നാല് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ നായകന്‍ ക്രീസിലുള്ളതിനാല്‍ അല്‍പമെങ്കിലും പ്രതീക്ഷ സന്ദര്‍ശകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം റൂട്ടിന്റെ പതനത്തോടെ അവശേഷിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നിരനിരയായി പവലിയനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. സ്‌കോട്ട് ബോലാന്‍ഡാണ് പ്ലേയര്‍ ഓഫ് ദ മാച്ച്.

Comments are closed.