head2
head 3
head1

അഞ്ചില്‍ നാലും ബിജെപിക്ക് സ്വന്തം, പഞ്ചാബ് തൂത്തുവാരി ആം ആദ്മി, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ നാലിലും ബിജെപിയുടെ സര്‍വാധിപത്യം. ഉരുക്കുകോട്ടയായ പഞ്ചാബ് കൂടി ആം ആദ്മി പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ആം ആദ്മി 92 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 18 സീറ്റിലേക്ക് ചുരുങ്ങി. ഉത്തര്‍പ്രദേശിലെ ചരിത്ര വിജയത്തോടെ യോഗി ആദിത്യനാഥ് തുടര്‍ഭരണമെന്ന അതുല്യനേട്ടം സ്വന്തമാക്കി. ഉത്തരാഖണ്ഡിലും, മണിപ്പൂരിലും, ഗോവയിലും വിജയിക്കാന്‍ സാധിച്ചതോടെ മൂന്നാം തവണയും ഭരണത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ബിജെപി.

എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് ആദ്യഘട്ടത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി മുന്നിലേക്കെത്തുന്ന കാഴ്ചയാണ് പഞ്ചാബില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അരമണിക്കൂറില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ‘ആപ്പ്’ ഒരു മണിക്കൂറീനു ശേഷം ലീഡ് പിടിക്കുകയാണ് ഉണ്ടായത്. സംസ്ഥാനത്തെ 117 മണ്ഡലങ്ങളില്‍ 92 ഇടത്തും അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി വിജയക്കൊടി പാറിച്ചു.

യുപിയില്‍ 403 മണ്ഡലങ്ങളില്‍ 270 ലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സമാജ്വാദി പാര്‍ട്ടി സീറ്റ് നില 110 ആക്കി ഉയര്‍ത്തി. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ് വാദി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബിജെപിയെ തടയാനായില്ല. ഉത്തരാഖണ്ഡില്‍ 47 സീറ്റുകളില്‍ വിജയം നേടിയാണ് ബിജെപി ഭരണത്തിലേക്ക് എത്തുന്നത്. ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോവയിലും മണിപ്പൂരിലും അനായസം ബിജെപി വിജയം പിടിച്ചെടുത്തു.

വിജയത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി

നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവര്‍ത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. യുപിയില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചെന്ന് മോദി അറിയിച്ചു. മികച്ച വിജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി കടക്കുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതൃത്വത്തെ നവീകരിക്കണമെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് തുറന്നടിച്ചിരിക്കുകയാണ് ശശി തരൂര്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

‘കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ് – നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്,’ തരൂര്‍ കുറിച്ചു.

വിജയം വലിയ വിപ്ലവം : കെജ്രിവാള്‍

പഞ്ചാബിലെ ആം ആദ്മിയുടെ വിജയം വലിയ വിപ്ലവമാണെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജനവിധിയിലൂടെ കെജ്രിവാള്‍ തീവ്രവാദിയല്ലെന്ന് പഞ്ചാബിലെ ജനങ്ങള്‍ തെളിയിച്ചെന്നും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

ആദ്യം വിപ്ലവമുണ്ടായത് ഡല്‍ഹിയിലാണ്. പിന്നീട് ഇപ്പോള്‍ പഞ്ചാബിലും. ഇനി ഇത് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മഹത്തായ വിജയം സമ്മാനിച്ചതിന് പഞ്ചാബിലെ വോട്ടര്‍മാരോട് അദ്ദേഹം നന്ദി അറിയിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.