head 3
head2
head1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവില്ല, കോഹ്ലിയും രാഹുലും തിരിച്ചെത്തി

ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും തിരിച്ചെത്തി. രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ടീമിലുള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി എന്നിവരെ സെലക്ടര്‍മാര്‍ അവഗണിച്ചു.

പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്കേറ്റ് പിന്‍മാറിയതോടെ പേസറായി മുഹമ്മദ് സിറാജിനെയോ ഷമിയേയോ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെലെക്ടര്‍മാരുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കമുണ്ടായില്ല. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നീ മൂന്ന് താരങ്ങളാണ് സ്പെഷ്യലിസ്റ്റ് പേസര്‍മാരായി സ്‌ക്വാഡിലുള്ളത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പേസ് ഓപ്ഷന്‍.

സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റ് താരങ്ങള്‍. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഈമാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തോടെ തുടക്കമാകുന്ന ടൂര്‍ണമെന്റില്‍ 28 -നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.

Comments are closed.