head2
head 3
head1

കുറഞ്ഞ വിലയില്‍ ഐഫോണ്‍ എസ്ഇ വിപണിയിലേയ്ക്ക്; വില 529 യൂറോ മാത്രം!

സെല്‍ഫോണ്‍ വിപണിയില്‍ വിപ്ലവത്തിന് തുടക്കം കുറിച്ച് ആപ്പിള്‍. കുറഞ്ഞ വിലയില്‍ എന്‍ട്രി ലെവല്‍ ഐഫോണും ഹൈ-എന്‍ഡ് മാക്കും പുറത്തിറക്കി. മുന്‍നിര ഐഫോണ്‍ 13 സീരിസിന്റെ സവിശേഷതകളോടെ എന്‍ട്രി ലെവല്‍ ഐഫോണായ ഐഫോണ്‍ എസ് ഇയാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിനെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്.

5ജി കണക്റ്റിവിറ്റിയാണ് പുതിയ ഐഫോണ്‍ എസ്ഇ ഓഫര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 13ല്‍ ഉപയോഗിക്കുന്ന എ15 ബയോണിക് ചിപ്പാണ് എസ് ഇയിലുമുള്ളത്. ഹോം ബട്ടണും ആപ്പിളിന്റെ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്ള ഒരേയൊരു ഐഫോണ്‍ ആണ് ഐഫോണ്‍ എസ്ഇ.

കഴിഞ്ഞ സെപ്തംബറില്‍ പുറത്തിറക്കിയ ഈ ഫോണിന്റെ വില 929 യൂറോയിലായിരുന്നു ആരംഭിച്ചത്. എന്നാല്‍ പുതിയ ഐഫോണ്‍ എസ്ഇയുടെ വില 529 യൂറോയില്‍ ആരംഭിക്കുന്നു.

നിരവധി സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകളെ പിന്തുണയ്ക്കാന്‍ ശേഷിയുള്ളതാണ് ഏറ്റവും കുറഞ്ഞ വിലയുള്ള ആപ്പിള്‍ ഐഫോണ്‍ എന്നതും നേട്ടമാണ്. വിലയേറിയ ഐഫോണുകളില്‍ താല്‍പ്പര്യമില്ലാത്ത ആപ്പിള്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാണ് എസ് ഇയെന്ന് സിസിഎസ് ഇന്‍സൈറ്റിലെ ചീഫ് അനലിസ്റ്റ് ബെന്‍ വുഡ് പറഞ്ഞു.

വേഗതയുടെ അവതാരമായി ഐ മാക് സ്റ്റുഡിയോ

മാക് സ്റ്റുഡിയോയും 27 ഇഞ്ച് സ്റ്റുഡിയോ ഡിസ്‌പ്ലേയുള്ള കമ്പാനിയന്‍ സ്‌ക്രീനുമുള്‍പ്പെട്ട പുതിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറും ആപ്പിള്‍ പ്രഖ്യാപിച്ചു. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തിയേറിയ പേഴ്‌സണല്‍ കമ്പ്യൂട്ടറാണിത് എന്നാണ് കമ്പനിയുടെ അവകാശവാദം. ഏറ്റവും വേഗതയേറിയ ഐ മക് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിനേക്കാള്‍ നാലിരട്ടി വേഗതയുള്ളതാണ് ഐ മാക് സ്റ്റുഡിയോ. സ്വന്തമായി നിര്‍മ്മിച്ച എം1 അള്‍ട്രാ കംപ്യൂട്ടര്‍ ചിപ്പ് ആദ്യമായി ഉപയോഗിക്കുന്നതും ഈ കമ്പ്യൂട്ടറിലാണ്. എം1 അള്‍ട്രായാണ് ഈ മിന്നല്‍ വേഗതയെന്ന് ആപ്പിള്‍ പറയുന്നു.

2,349 യൂറോയ്ക്ക് വിപണിയില്‍

27 ഇഞ്ച് സ്‌ക്രീനും 5കെ റെസല്യൂഷനുള്ള ഡിസ്‌പ്ലേ മോണിറ്ററും മറ്റ് ഉപകരണങ്ങളുമായി കണക്ട് ചെയ്യുന്നതിനുള്ള നിരവധി വ്യത്യസ്ത പോര്‍ട്ടുകളും ലഭ്യമായ മക് സ്റ്റുഡിയോ 2,349 യൂറോയ്ക്ക് മുതല്‍ വിപണിയില്‍ ലഭ്യമാകും. പുതിയ മോണിറ്ററിന് 1,800 യൂറോ വിലവരുമെന്നും ആപ്പിള്‍ സ്ഥിരീകരിച്ചു.

അപ്‌ഡേറ്റഡ് ഐപാഡ് എയര്‍ ടാബ്ലെറ്റും

അപ്‌ഡേറ്റ് ചെയ്ത ആപ്പിള്‍ ഐപാഡ് എയര്‍ ടാബ്ലെറ്റും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ തലമുറയെ അപേക്ഷിച്ച് 60% കൂടിയ പ്രകടനമാണ് കമ്പനിയുടെ ഓഫര്‍. എം1 ചിപ്പും 5ജി കണക്റ്റിവിറ്റിയും വീഡിയോ കോളുകള്‍ക്കായുള്ള ആപ്പിളിന്റെ സെന്റര്‍ സ്റ്റേജ് ഫീച്ചര്‍ ഉള്‍പ്പെടുന്ന മെച്ചപ്പെട്ട ക്യാമറയുമാണ് പുതിയ അപ്ഡേഷന്‍. വീഡിയോ കോളില്‍ സംസാരിക്കുന്നവരെ ഓട്ടോമാറ്റിക്കായി പാന്‍ ചെയ്യാനും കാഴ്ചയില്‍ നിലനിര്‍ത്താനും ഇതിന്റെ എഐയ്ക്ക് കഴിയും. പുതിയ ഗ്രീന്‍ ഫിനിഷില്‍ ഐഫോണ്‍ 13, 13 പ്രോ ഡിവൈസുകളും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങളെല്ലാം മാര്‍ച്ച് 18ന് വിപണിയിലെത്തും.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.