head 3
head1
head2

ആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും പാസ്വേര്‍ഡ് രഹിത സംവിധാനത്തിലേയ്ക്ക്

ഡബ്ലിന്‍ : സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഫോണുകളിലുമൊക്കെ ആരും ‘കയറാതെ’ പാസ്വേര്‍ഡിട്ട് പൂട്ടിവെക്കുന്നത് പഴയ കാലമാവുകയാണ്. പാസ്വേര്‍ഡില്ലാതെ നേരിട്ട് വിരലടയാളമോ ഫേയ്സ് സ്‌കാന്‍ മുഖേനയോ സൈന്‍ ഇന്‍ ചെയ്യാവുന്ന സംവിധാനത്തിലേയ്ക്ക് സാങ്കേതിക വിദ്യ മാറുകയാണ്. ആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും പാസ്വേര്‍ഡ് രഹിത സൈന്‍-ഇന്നുകളെ സംബന്ധിച്ച് ധാരണയിലെത്തിയതാണ് ഏറ്റവും പുതിയ ഐ.ടി. വിശേഷം. അടുത്ത വര്‍ഷത്തില്‍ ഇവ പ്രയോഗത്തില്‍ വന്നേക്കാമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.

ഓരോ അക്കൗണ്ടിലും സൈന്‍ ഇന്‍ ചെയ്യുന്നതിന് കണ്ടെത്തുന്ന വിവിധ യൂസര്‍ നെയിമുകളും നിഗൂഢ പാസ്വേര്‍ഡുകളുമൊക്കെ ഓര്‍മ്മിച്ചുവെക്കേണ്ടതിന്റെ തൊല്ലയാണ് ഈ സംവിധാനം ഇല്ലാതാക്കുന്നത്. പാസ്വേര്‍ഡ് ഉപയോഗിച്ച് പല തവണ വിവിധ സംവിധാനങ്ങളില്‍ കയറിയിറങ്ങുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതാണ്.

ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്ട് എന്നിവ സംയുക്തമായാണ് പാസ്വേര്‍ഡില്ലാത്ത പുതിയ ഓണ്‍ലൈന്‍ സൈന്‍-ഇന്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്നത്. സുരക്ഷിതമായി എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധമായിരിക്കും പുതിയ സംവിധാനമെന്ന് ഇവര്‍ വിശദീകരിക്കുന്നു. വ്യവസായ സ്ഥാപനമായ ഫിഡോ അലയന്‍സും വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യവും ചേര്‍ന്നാണ് പുതിയ സൈന്‍-ഇന്‍ സംവിധാനം രൂപകല്‍പ്പന ചെയ്യുന്നത്.

ഒരാള്‍ വിരലടയാളമോ മുഖമോ ഉപയോഗിച്ച് സംവിധാനത്തില്‍ കയറിയാല്‍ ഉപകരണങ്ങള്‍ മാറിയാലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാറിയാലും ‘പാസ്വേര്‍ഡിന്’ മാറ്റമുണ്ടാകില്ല. പുതിയ സംവിധാനം ഒരിക്കല്‍ നിലവില്‍ വന്നാല്‍, ആളുകള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്ന രീതിയില്‍ തന്നെ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും.

ഓരോ ഉപകരണത്തിലും ഓരോ അക്കൗണ്ടിലേക്കും വീണ്ടും വീണ്ടും സൈന്‍ ഇന്‍ ചെയ്യേണ്ടതില്ലെന്ന സൗകര്യമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. വ്യത്യസ്തമായ ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ ഉപയോഗിച്ചാലും സ്ഥിതിയില്‍ മാറ്റമില്ല. എല്ലായിടത്തും ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ സ്‌കാന്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കാനാകുമെന്ന് കമ്പനികള്‍ വിശദീകരിക്കുന്നു.

ലളിതവും ശക്തവും ആധികാരികവുമാകും വിധാനമാകും പുതിയ സംവിധാനമെന്ന് ഫിഡോ അലയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ്രൂ ഷിക്കിയാര്‍ പറഞ്ഞു.

Comments are closed.