head1
head 3
head2

പുടിന്റെ യുദ്ധവെറിയ്ക്കെതിരെ റഷ്യക്കാരും… യൂറോപ്പിലെമ്പാടും യുദ്ധവിരുദ്ധ പ്രതിഷേധങ്ങളുയരുന്നു

കീവ് : ഉക്രൈന്‍ – റഷ്യ പോരാട്ടം രണ്ടാഴ്ച പിന്നിടുമ്പോള്‍ യൂറോപ്പിലെമ്പാടും യുദ്ധവിരുദ്ധ വികാരം അലയടിക്കുന്നു. പതിനായിരങ്ങളാണ് വിവിധയിടങ്ങളില്‍ യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടികളില്‍ അണി ചേരുന്നത്.

കര്‍ക്കശമായ അച്ചടക്കം പ്രഖ്യാപിച്ചിട്ടുള്ള റഷ്യയില്‍ പോലും പ്രതിഷേധത്തിന്റെ തിരമാലകളാണുയരുന്നത്. നിരവധിയാളുകളെ തടഞ്ഞുവെച്ചിട്ടും റഷ്യയില്‍ വിവിധയിടങ്ങളില്‍ യുദ്ധവെറിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ കഴിയുന്ന റഷ്യക്കാരും പുടിനെതിരെ പ്രതിഷേധമറിയിക്കുന്നുണ്ട്.

ജര്‍മ്മന്‍ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ബെര്‍ലിനില്‍ വമ്പന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഉക്രൈയ്ന്‍ പതാകകളും കൊണ്ടാണ് എത്തിയത്. ‘യുദ്ധം നിര്‍ത്തുക’, ‘ഉക്രൈയ്നിലെ ജനങ്ങള്‍ക്ക് സമാധാനവും ഐക്യദാര്‍ഢ്യവും’ എന്നിങ്ങനെ ആലേഖനം ചെയ്ത ബാനറുകളും അവര്‍ ഉയര്‍ത്തിയിരുന്നു.

പ്രതിഷേധക്കാര്‍ ബെര്‍ലിനില്‍ ഒത്തുകൂടിയപ്പോള്‍

റഷ്യയില്‍, ജനങ്ങളുടെ യുദ്ധവിരുദ്ധതയ്ക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുദ്ധത്തിനെതിരായ പ്രകടനങ്ങളെ ദയയില്ലാതെ അടിച്ചമര്‍ത്തുകയാണ്. ഇത്തരം പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി പേരെ ആളുകളെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ഒവിഡി-ഇന്‍ഫോ വെളിപ്പെടുത്തുന്നു. വാര്‍സോ, ലണ്ടന്‍, ജര്‍മ്മന്‍ നഗരങ്ങളായ ഫ്രാങ്ക്ഫര്‍ട്ട്, ഹാംബര്‍ഗ്, സ്റ്റട്ട്ഗാര്‍ട്ട് എന്നിവിടങ്ങളിലും യുദ്ധവിരുദ്ധ പരിപാടികള്‍ അരങ്ങേറി.

മോസ്‌കോയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു സ്ത്രീയെ തടഞ്ഞുവച്ചു

ഇറ്റലിയിലെ മിലാനിലും റോമിലും യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടന്നു. കൂടാതെ ഇറ്റലിയിലെ ഉക്രൈനിയക്കാരും പ്രതിഷേധം സംഘടിപ്പിച്ചു.

സൈപ്രസില്‍, ഡസന്‍ കണക്കിന് റഷ്യന്‍ പൗരന്മാര്‍ ഉക്രൈനിയക്കാര്‍ക്കൊപ്പം യുദ്ധത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങി. തീരദേശ പട്ടണമായ ലിമാസോളിലായിരുന്നു പരിപാടി. ‘സ്റ്റോപ്പ് വാര്‍’, ‘സ്റ്റോ്പ്പ പുടിന്‍’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്.

യുദ്ധത്തിനെതിരെ മാര്‍പാപ്പ

ഉക്രൈനില്‍ കുട്ടികളെയും മറ്റ് സാധാരണക്കാരെയും കൊല്ലുന്നതിനെ റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. നഗരങ്ങള്‍ സെമിത്തേരികളാക്കി മാറ്റുന്നതിന് മുമ്പ് ആക്രമണം അവസാനിപ്പിക്കണമെന്ന് ഞായറാഴ്ച പ്രഭാഷണത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു.

റഷ്യയെ പിന്തുണച്ച് സെര്‍ബിയയില്‍ പ്രകടനങ്ങള്‍

അതിനിടെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ പിന്തുണച്ചും പരിപാടികള്‍ അരങ്ങേറുന്നുണ്ട്. സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ റഷ്യന്‍, സെര്‍ബിയന്‍ പതാകകള്‍ ഏന്തിക്കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ചില പ്രതിഷേധക്കാര്‍ അവരുടെ വാഹനങ്ങളില്‍ ‘Z’ വരച്ചിരുന്നു. ഉക്രൈയ്നിലെ റഷ്യന്‍ കവചിത വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഈ അടയാളം റഷ്യന്‍ സൈനികരുടെ പിന്തുണയ്ക്കുന്നതിന്റെ പ്രതീകമാണ്.

യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഔപചാരികമായി ആവശ്യപ്പെട്ട രാജ്യമായ സെര്‍ബിയ മോസ്‌കോയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍ റഷ്യക്കെതിരായ അന്താരാഷ്ട്ര ഉപരോധത്തില്‍ സെര്‍ബിയ ചേര്‍ന്നിരുന്നില്ല. രാജ്യത്തെ ഭരണകൂട നിയന്ത്രിത മാധ്യമങ്ങള്‍ യുദ്ധത്തെക്കുറിച്ചുള്ള റഷ്യന്‍ അനുകൂല റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.