head 3
head2
head1

അറിയാം, മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത ഒരു ഇറ്റാലിയന്‍ ഗ്രാമത്തെക്കുറിച്ച്

റോം: വളരെ ശാന്തമായതും, സൈപ്രസ് മരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ടസ്‌കാനിയിലെ ഒരു ഗ്രാമമാണ് Galliano di Mugello. മറ്റിടങ്ങളില്‍ വളരെ വിരളമായി മാത്രം കാണാവുന്ന ഒരു കാഴ്ച നമുക്ക് ഈ ഗ്രാമത്തിലെ തെരുവുകളില്‍ കാണാന്‍ കഴിയും. ആത്മാര്‍ഥതയോടെ പരസ്പരം സംസാരിക്കുന്ന ഒരു ജനവിഭാഗത്തെ.

മനുഷ്യര്‍ തമ്മിലുളള ആശയവിനിമയത്തിലെ ആത്മാര്‍ഥത തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഉപകരണമാണല്ലോ മൊബൈല്‍ ഫോണുകള്‍. ആ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനുള്ള നെറ്റ്‌വര്‍ക്ക് സൗകര്യം ഈ ഗ്രാമത്തില്‍ ഇല്ല എന്നതിനാലാണ് അവര്‍ക്ക് ഇത് സാധ്യമാവുന്നത്. ഗ്രാമത്തിലെ പലരുടെ കയ്യിലും മൊബൈല്‍ ഫോണുകള്‍ ഉണ്ടെങ്കിലും ഇവര്‍ ഇത് ഉപയോഗിക്കുന്നത് ഗെയിം കളിക്കാനാണെന്നതാണ് സത്യം.

നേരിട്ടുള്ള ആശയവിനിമയത്തിലെ ആത്മാര്‍ഥയും, നിശബ്ദതയുടെ സൗന്ദര്യവും ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍ ലോകം നെറ്റ്‌വര്‍ക്കിങ്ങിലൂടെ മുന്നേറുന്ന കാലത്ത് ഇവിടെ ജീവിക്കുന്ന ജനങ്ങള്‍ യഥാര്‍ഥത്തില്‍ അവഗണിക്കപ്പെട്ടവരാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇവര്‍ ഡിജിറ്റല്‍ ഡിവൈഡിന്റെ ഇരകളാണ്.

ജോലി ചെയ്യുന്ന ആളുകളെയും, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെയും സംബന്ധിച്ചിടത്തോളവും നെറ്റ്‌വര്‍ക്ക് ഇല്ലായ്മ വലിയൊരു പ്രതിസന്ധി തന്നെയാണ്. പലപ്പോഴും, ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി ഗ്രാമത്തിനു പുറത്തുള്ള മറ്റു സ്ഥലങ്ങളിലേക്ക് പോവേണ്ടി വരുന്നു. പഠനത്തിനായി ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നതിന് തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോവേണ്ടി വരുന്ന അവസ്ഥ വിദ്യാര്‍ഥിയായ ജോര്‍ജിയോ ഫെറേട്ടി പങ്കുവച്ചു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നെറ്റ്‌വര്‍ക്ക് തേടി അലയേണ്ടി വരാറുണ്ടെന്നാണ് ഫെറേട്ടി പറയുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം വ്യാപകമായതോടെ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചതായും ഫെറേട്ടി പറയുന്നു. നെറ്റ്‌വര്‍ക്ക് ഇല്ലാത്തത് കൊണ്ട് കൂട്ടുകാരുമായി മികച്ച അടുപ്പവും ബന്ധവും ഉണ്ടാക്കാന്‍ സാധിക്കാറുണ്ട്, എങ്കിലും പലപ്പോഴും തങ്ങള്‍ ഒറ്റപ്പെട്ടവരാണെന്ന് തോന്നാറുണ്ടെന്നും ഫെറേട്ടി പറഞ്ഞു.

നെറ്റ്‌വര്‍ക്ക് ഇല്ലാത്തതുമൂലം നേരിടേണ്ടി വന്ന ഒരു ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു പ്രദേശത്തെ ഒരു ഹോട്ടലുടമയായ വാലന്റീന പരീനിക്ക് പങ്കുവെക്കാന്‍ ഉണ്ടായിരുന്നത്. ഒരു രാത്രിയില്‍ ഹോട്ടലില്‍ മോഷണ ശ്രമമുണ്ടായപ്പോള്‍ പോലീസിനെ ബന്ധപ്പെടാന്‍ താന്‍ ഏറെ പാടുപെട്ടതായി പരീനി പറഞ്ഞു. റൂമിലെ എല്ലാ കോണുകളില്‍ നിന്നും ശ്രമിച്ചിട്ടും കോള്‍ കണക്ട് ചെയ്യാന്‍ ഇരുപത് മിനിറ്റിലേറെ സമയമെടുത്തിരുന്നു.

അതേസമയം ഈ ചെറിയൊരു ഗ്രാമത്തില്‍ നെറ്റ്‌വര്‍ക്കിനായി നിക്ഷേപിക്കാന്‍ ടെലികോം കമ്പനികള്‍ തയ്യാറാവുന്നില്ല എന്നാണ് വില്ലേജിലെ മേയര്‍ Giampiero Mongatti പറയുന്നത്. ജനങ്ങളുടെ സുരക്ഷയെ പോലും ഇത് ബാധിക്കുന്നതായും മേയര്‍ പറഞ്ഞു. 2019 ല്‍ മേഖലയില്‍ ഒരു ഭൂമികുലുക്കം ഉണ്ടായപ്പോള്‍ പോലീസിന്റെ സഹായത്തോടെ മൈക്രോഫോണിലൂടെയായിരുന്നു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനൊരു പരിഹാരം ആവശ്യമാണെന്നും, ഡിജിറ്റല്‍ ഡിവൈഡ് ഒഴിവാക്കാനുള്ള ഇ-യു ഫണ്ടിങ്ങിലൂടെ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് Galliano di Mugello യില്‍ മാത്രമുള്ള പ്രശ്‌നമല്ല. ടസ്‌കാനിയിലെ 91 ഓളം മുനിസിപ്പാലിറ്റികളിലും നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Comments are closed.