head1
head 3
head2

ചരിത്രത്തിന് അയര്‍ലണ്ടില്‍ നിന്നൊരു ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ്’… എയര്‍ ഇന്ത്യ ഇനി ‘ടാറ്റയുടെ സ്വന്തം’

എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് ഔദ്യോഗികമായി കൈമാറി

ന്യൂഡല്‍ഹി : നീണ്ട ഏഴ് ദശാബ്ദത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ ഗ്രൂപ്പിന്റെ പക്കലേയ്ക്ക് വന്നെത്തുന്ന നടപടികള്‍ പൂര്‍ത്തിയായി. അയര്‍ലണ്ട് ആസ്ഥാനമായ ഫ്ളീറ്റ് വാടകക്കാരില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഇന്നലെ ലഭിച്ചതോടെയാണ് പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി കൈമാറിയത് .

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. 69 വര്‍ഷത്തിനു ശേഷമാണിപ്പോള്‍ ടാറ്റയുടെ ‘റണ്‍വേയില്‍’ എയര്‍ ഇന്ത്യ മടങ്ങിയെത്തിയത്. കൈമാറ്റത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് പുതിയ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറി.

കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18,000 കോടി രൂപയ്ക്കായിരുന്നു കരാര്‍. 1932ല്‍ ടാറ്റ ഗ്രൂപ്പ് തുടക്കമിട്ട ടാറ്റ എയര്‍ലൈന്‍സ് പിന്നീട് 1949ലാണ് എയര്‍ ഇന്ത്യ എന്നു പേര് മാറ്റിയത്. 1953 -ലാണ് ദേശസാത്കരണത്തിലൂടെ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്.

ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ടാറ്റ സണ്‍സിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. എയര്‍ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്.

അയര്‍ലണ്ടില്‍ നിന്നുള്ള കരാര്‍ രേഖകള്‍ എത്തിയത് ഇന്നലെ

എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗ്, ലീസിംഗ് എന്നിവയില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അയര്‍ലണ്ടിലെ ലീസര്‍ കമ്പനികളില്‍ നിന്നാണ് എയര്‍ ഇന്ത്യയും പുതിയ വിമാനങ്ങള്‍ പാട്ടത്തിനെടുത്തിരിക്കുന്നത്. അനുകൂലമായ കോര്‍പ്പറേറ്റ് നികുതി വ്യവസ്ഥ, ഇരട്ട നികുതി ഉടമ്പടികള്‍, ഒന്നാംതരം അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ടാലന്റ് പൂള്‍, സമ്പന്നമായ വ്യോമയാന പൈതൃകം എന്നിവയാണ് ഐറിഷ് ഏവിയേഷന്‍ മാര്‍ക്കറ്റിലേയ്ക്ക് എയര്‍ ഇന്ത്യയെ എത്തിച്ചത്.

14 ആഗോള എയര്‍ക്രാഫ്റ്റ് ലെസേഴ്സ് എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ പാട്ടത്തിന് നല്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അയര്‍ലണ്ടിലുള്ള കമ്പനിയില്‍ നിന്നാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ വിമാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഉടമ്പടി സര്‍ട്ടിഫിക്കറ്റ് ഇന്നലെ എത്തിയതോടെയാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഉടമസ്ഥാവകാശം തിരികെ പഴയ കൈകളിലേയ്ക്ക് തന്നെയെത്തിയത്.

ടാറ്റ ഫുഡ് സര്‍വ്വീസ് തുടങ്ങി

മുംബൈയില്‍ നിന്ന് സര്‍വീസ് നടത്തുന്ന നാല് ഫ്ളൈറ്റുകളില്‍ മെച്ചപ്പെട്ട ഭക്ഷണം ഏര്‍പ്പെടുത്തിക്കൊണ്ട് ടാറ്റ ഗ്രൂപ്പ് അതിന്റെ രണ്ടാം വരവിലെ ആദ്യ അരങ്ങേറ്റം കുറിച്ചതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എ1864 (മുംബൈ-ഡല്‍ഹി), എ1687 (മുംബൈ-ഡല്‍ഹി), എ1945 (മുംബൈ-അബുദാബി), എ1639 (മുംബൈ-ബെംഗളൂരു) എന്നീ വിമാനങ്ങളിലാണ് ടാറ്റ ഫുഡ് സര്‍വ്വീസ് ആരംഭിച്ചത്.

മുംബൈ-നെവാര്‍ക്ക് ഫ്ലൈറ്റിലും അഞ്ച് മുംബൈ-ഡല്‍ഹി വിമാനങ്ങളിലും ഈ സര്‍വ്വീസ് ഇന്നു മുതല്‍ നല്‍കുമെന്ന് അവര്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പ് വിഭാവനം ചെയ്ത ഈ സേവനം കൂടുതല്‍ വിമാനങ്ങളിലേക്ക് ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.