head1
head2
head 3

ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവായ സംഭവം; ഫ്‌ലൈറ്റ് എയര്‍ ഇന്ത്യയുടേത് അല്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി : ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. “എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് കോവിഡ് രോഗികള്‍ സഞ്ചരിച്ചതെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് തെറ്റും അടിസ്ഥാനരഹിതവുമാണ്. നിലവില്‍ റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാന സര്‍വീസ് നടത്തുന്നില്ല,” എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

ആശുപത്രിയില്‍ നിന്നും ‘ചാടി പോയതായി’ അധികൃതര്‍

ഇന്നലെ അമൃത്സറില്‍ ഇറങ്ങിയ ശേഷം കൊവിഡ് പോസിറ്റീവ് ഫലം ലഭിച്ച 13 യാത്രക്കാര്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോയതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

“ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടിപോയവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ ഞങ്ങള്‍ ആരംഭിക്കും,” അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഖെഹ്റ ഒരു ചാനലിനോട് പറഞ്ഞു .

ഈ കൂട്ടര്‍ എത്രയും പെട്ടന്ന് തിരിച്ചെത്തിയില്ലെങ്കില്‍, ഞങ്ങള്‍ അവരുടെ ഫോട്ടോകള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കും, കൂടാതെ പകര്‍ച്ചവ്യാധി നിയമപ്രകാരമുള്ള എഫ്ഐആറുകളും അവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമവും രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മിലാനില്‍ നിന്നുള്ള യൂറോ അറ്റ്ലാന്റിക് എയര്‍വേയ്സ് ഫ്‌ലൈറ്റ് YU661 -ലുള്ള യാത്രക്കാര്‍ക്കാണ് കോവിഡ് ബാധിച്ചതെന്നും, 170 യാത്രക്കാരില്‍ 125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നെത്തിയ വിമാനത്തിലുള്ള മുഴുവന്‍ യാത്രക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളിലും,സ്വീകരിക്കാനെത്തിയ അവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തിന് പുറത്തും പ്രതിഷേധം ഉയര്‍ത്തിയതോടെ സംഘര്‍ഷവും ഉണ്ടായിരുന്നു.

ഇതുവരെ രണ്ടു പേര്‍ക്കാണ് പഞ്ചാബില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുകയാണ്. വ്യാഴാഴ്ച, 90,928 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 200 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിരക്കാണ് ഇത്.

Comments are closed.