head2
head 3
head1

യൂറോപ്പ്യന്‍ കമ്പനികളെ വലയിലാക്കി നിയന്ത്രണം കൈക്കലാക്കുന്ന തന്ത്രം : നോണ്‍ യൂറോപ്പ്യന്‍ കമ്പനികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : വിദേശ സബ്സിഡികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് യൂറോപ്യന്‍ പാര്‍ലമെന്റ് നടപടി തുടങ്ങി. ഇതു സംബന്ധിച്ച പ്രപ്പോസലുകള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുകയാണ്. പാര്‍ലമെന്റിന്റെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിറ്റിയില്‍ ഇന്‍സ്ട്രമെന്റ് എഗെയ്ന്‍സ്റ്റ് ഡിസ്റ്റോര്‍ട്ടീവ് ഫോറിന്‍ സബ്സിഡീസ് (ഐ എഫ് എസ്) സംബന്ധിച്ച വോട്ടെടുപ്പും നടന്നു.

400 മില്യണ്‍ യൂറോയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളും 50 മില്യണ്‍ യൂറോയില്‍ കൂടുതല്‍ വിദേശ സബ്‌സിഡി നേടുന്ന നിക്ഷേപങ്ങളും യൂറോപ്യന്‍ കമ്മീഷനെ അറിയിക്കണമെന്ന് ചര്‍ച്ചയില്‍ എം ഇ പിമാര്‍ പ്രപ്പോസ് ചെയ്തു. ലയനം, വിദേശ നിക്ഷേപങ്ങള്‍, ബിഡ്ഡിംഗ് എന്നിവയിലൂടെ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍, യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് നിയന്ത്രിക്കണമെന്നും അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

യൂറോപ്യന്‍ കമ്പനികളുമായി ധാരണയോ സഹകരണമോ ഉണ്ടാക്കിയ ശേഷം യൂറോപ്യന്‍ സബ്സിഡികള്‍ തട്ടിയെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ ‘വടിയെടുക്കുന്നത്’.

200 മില്യണ്‍ യൂറോയില്‍ കൂടുതലുള്ള വിദേശ സബ്‌സിഡികള്‍ ഉള്‍പ്പെട്ട പബ്ലിക് പ്രോക്യുവര്‍മെന്റിനും ഇത് ബാധകമാക്കണമെന്ന് എം ഇ പി മാര്‍ പറഞ്ഞു. ലയനം, വിദേശ നിക്ഷേപങ്ങള്‍, ബിഡ്ഡിംഗ് എന്നിവ ഇയു നിയമങ്ങള്‍ അനുസരിച്ചുള്ളതായിരിക്കണം. ലയനമോ നിക്ഷേപമോ അറിയിച്ചില്ലെങ്കില്‍ ബന്ധപ്പെട്ടവരില്‍ നിന്നും പിഴ ഈടാക്കണം.

ഇതു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളുയര്‍ന്നാല്‍ കമ്മിഷന് എക്‌സ് ഒഫീഷ്യോ നടപടിക്രമങ്ങളാരംഭിക്കാനും ഐ എഫ് എസ് അനുവദിക്കും. കര്‍ക്കശമായ മത്സരവും സഹായങ്ങളും യൂറോപ്യന്‍ കമ്പനികള്‍ക്ക് ഉറപ്പാക്കാന്‍ ഐ എഫ് എസ് സംവിധാനം സഹായകമാകുമെന്നാണ് കരുതുന്നത്.

വിദേശത്ത് നിന്ന് സബ്‌സിഡികള്‍ സ്വീകരിക്കുന്ന മത്സരാര്‍ത്ഥികള്‍ക്കും ഈ നിയമം ബാധകമാകുമെന്ന് പാര്‍ലമെന്റിന്റെ ഐ എഫ് എസ് നെഗോഷ്യേറ്റര്‍ ക്രിസ്റ്റോഫെ ഹാന്‍സന്‍ പറഞ്ഞു. വിദേശ കമ്പനികള്‍ക്ക് യൂറോപ്യന്‍ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കണമെങ്കില്‍ യൂറോപ്യന്‍ പബ്ലിക് പ്രോക്യുവര്‍മെന്റില്‍ പങ്കെടുക്കണമെങ്കിലും ഈ നിയമങ്ങള്‍ ബാധകമാകും.

പ്രൊട്ടക്ഷനിസത്തിന്റെ പേരില്‍ ഐ എഫ് എസ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മൂന്നാം രാജ്യങ്ങളുമായി ചീഫ് നെഗോഷ്യേറ്റര്‍ എന്ന നിലയില്‍, ചര്‍ച്ച നടത്തുമെന്ന് ഹാന്‍സെന്‍ അറിയിച്ചു. നിയമമനുസരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇയുവിന്റെ ആഭ്യന്തര വിപണി തുറക്കും. ഫൗള്‍ പ്ലേക്കാരെ ഒഴിവാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

Comments are closed.