head2
head1
head 3

കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ രാജ്യം ഡെന്മാര്‍ക്കെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

കോപ്പന്‍ഹേഗന്‍ : അമ്മയോ അച്ഛനോ ആകാന്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കംപെയര്‍ ദി മാര്‍ക്കറ്റ് നടത്തിയ സമീപകാല പഠന റിപ്പോര്‍ട്ട് പ്രകാരം ഡെന്മാര്‍ക്ക് ഒന്നാം സഥാനത്തെത്തി.

രക്ഷിതാവാകാന്‍ സഹായകരവും കുറഞ്ഞ നികുതിയുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ അതാത് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രോത്സാഹനങ്ങളിലും പണമൂല്യത്തിലും കേന്ദ്രീകരിച്ചായിരുന്നു പഠനം. കുടുംബ ആനുകൂല്യങ്ങളും പാരന്റല്‍ ലീവ് ഇന്‍സെന്റീവുകളും താരതമ്യം ചെയ്ത് 38 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്.

രാജ്യത്തിന്റെ ജിഡിപി യുടെ 3.41% രക്ഷിതാക്കള്‍ക്കുള്ള സാമ്പത്തിക സഹായത്തിനായി ഡെന്മാര്‍ക്ക് മാറ്റിവച്ചിട്ടുണ്ട്.

കുട്ടിയുടെ ജനനം മുതല്‍ 18 വയസ്സ് വരെ രണ്ട് തരത്തില്‍ സാമ്പത്തിക സഹായം പല ഡാനിഷ് കുടുംബങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. അവിവാഹിതരായ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ചെലവുകള്‍ക്കായി അധിക അലവന്‍സിന് അപേക്ഷിക്കാം. സ്വീഡനും ലക്‌സംബര്‍ഗുമാണ് റിപ്പോര്‍ട്ട് പ്രകാരം തൊട്ടുപിന്നിലുള്ളത്. അതിനുശേഷം ഹങ്കറിയും ലിത്വാനിയയുമാണ്.

സ്ഥിര താമസക്കാരല്ലാത്തവര്‍ക്കും ഡെന്മാര്‍ക്കില്‍ രക്ഷാകര്‍തൃ ആനുകൂല്യങ്ങളും ശമ്പളത്തോടുകൂടിയ ലീവ് ഇന്‍സെന്റീവും ലഭിക്കും. മാതാപിതാക്കള്‍ക്ക് ലഭ്യമായ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള വാര്‍ഷിക അവധിയുടെ കണക്കുകളില്‍ എസ്റ്റോണിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. അമ്മമാര്‍ക്ക് ആദ്യ 20 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധി ലഭിക്കും. അവധി കണക്കാക്കിയ പ്രസവതീയ്യതിക്ക് രണ്ടുമാസം മുന്നേ ആരംഭിക്കാം. പ്രാരംഭ അവധിക്ക് ശേഷം ഒരു രക്ഷിതാവിന് അവരുടെ ശമ്പളനിരക്കുകളുടെ ശരാശരിയെ അടിസ്ഥാനമാക്കി പൂര്‍ണ നഷ്ടപരിഹാരത്തില്‍ പ്രസവാവധി അവസാനിക്കുമ്പോള്‍ മുതല്‍ 62 ആഴ്ച അധിക അവധിയെടുക്കാം. 158 ദിവസത്തിലധികം പ്രസവാവധി അനുവദിക്കുന്ന വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകമെമ്പാടുമുള്ള രക്ഷിതാക്കള്‍ക്ക് മികച്ച ഓപ്ഷനാണെന്ന് തെളിയിക്കുന്നതാണ് സര്‍വ്വേ റിപ്പോര്‍ട്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.