head2
head 3
head1

യുദ്ധം തുടങ്ങി, ഭയാശങ്കയില്‍ ലോകം

കീവ് : ലോകം പ്രതീക്ഷിച്ചിരുന്നത് സംഭവിച്ചു. ഉക്രെയ്നില്‍ റഷ്യന്‍ സൈന്യം ആക്രമണം ആരംഭിച്ചു. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ സൈന്യം ഉക്രെയ്നില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം.

റഷ്യന്‍ സൈന്യം ഒഡേസയില്‍ ഇറങ്ങിയെന്നും ഖാര്‍കിവില്‍ അതിര്‍ത്തി കടക്കുകയാണെന്നും ഉക്രേനിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കീവ് വിമാനത്താവളത്തില്‍ സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങുന്നുണ്ട്.

‘പുടിന്‍ ഇപ്പോള്‍ ഉക്രെയ്‌നിലേക്ക് ഒരു പൂര്‍ണ്ണമായ അധിനിവേശം ആരംഭിച്ചു. സമാധാനപരമായ ഉക്രേനിയന്‍ നഗരങ്ങള്‍ അരക്ഷിതമാണ്… ഇതൊരു ആക്രമണ യുദ്ധമാണ്. ഉക്രെയ്ന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. ലോകത്തിന് പുടിനെ തടയാന്‍ കഴിയും, തടയുകയും വേണം. പ്രവര്‍ത്തിക്കേണ്ട സമയമാണിത്,’ ഉക്രയിന്റെ വിദേശകാര്യ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ഉക്രെയ്നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനവും

റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉക്രെയ്നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ഒരു മാസത്തേയ്ക്കാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. മോസ്‌കോ അതിന്റെ കീവ് എംബസി ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഉക്രെയ്ന്‍ പാര്‍ലമെന്റിന്റെ ദേശീയ അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഇതിന് പുറമേ, എല്ലാ പുരുഷന്മാര്‍ക്കും നിര്‍ബന്ധിത സൈനിക സേവനവും പ്രഖ്യാപിച്ചു. റഷ്യ ആക്രമണത്തെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ വാഷിംഗ്ടണ്‍ വീണ്ടും ആവര്‍ത്തിച്ചു.

കര്‍ശനമായ ഐഡി, വാഹന പരിശോധനകളും കൂടുതല്‍ കര്‍ക്കശമായ പോലീസിംഗുമുള്‍പ്പടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളെ അനുവദിക്കുന്നതാണ് അടിയന്തരാവസ്ഥ. റഷ്യന്‍ അംഗീകരിച്ച രണ്ട് കിഴക്കന്‍ വിഘടനവാദി മേഖലകളെ അടിയന്തരാവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഉക്രെയ്ന്‍ തലസ്ഥാനത്തേക്കുള്ള പ്രധാന ചെക്ക്‌പോസ്റ്റുകളും ട്രെയിന്‍ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമെല്ലാം പരിശോധനകളും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം രാജ്യത്തുടനീളം ബഹുജന പരിപാടികളും പണിമുടക്കുകളും നിരോധിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അംഗീകാരം നല്‍കിയതോടെയാണ് യുദ്ധം ആസന്നമായെന്ന ആശങ്ക പരന്നത്.

അതിനിടെ, റഷ്യയ്ക്കെതിരെ പരിമിത ഉപരോധത്തിന് ഇയു അംഗീകാരം നല്‍കി. തുടര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് ഏഴിന് പ്രത്യേക യൂറോപ്യന്‍ കൗണ്‍സില്‍ യോഗം അടിയന്തരമായി ചേരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുന്നതും റഷ്യ അംഗീകരിച്ച ഉക്രെയനിന്റെ രണ്ട് പ്രദേശങ്ങളുമായുള്ള വ്യാപാരം തടയുന്നതുമാണ് യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തില്‍ ഉള്‍പ്പെടുന്നത്.

അതേസമയം, ഉക്രൈന്‍ പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെ വിദേശകാര്യ വകുപ്പടക്കമുള്ള വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ അടുത്ത നാളുകളില്‍ തുടര്‍ച്ചയായി ഹാക്ക് ചെയ്യപ്പെടുകയാണ്. ഇതിന് പിന്നില്‍ റഷ്യയാണെന്ന ആരോപണം ശക്തമാണ്. എന്നാല്‍ അക്രമണമെന്നത് ഉക്രെയ്ന്റെയും വിേദശ രാജ്യങ്ങളുടെയും റഷ്യന്‍ വിരുദ്ധ ഹിസ്റ്റീരിയയാണെന്ന് മോസ്‌കോ പ്രതികരിച്ചു. എന്നിരുന്നാലും, ഉക്രൈയ്ന്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ള സൈനികരെ പിന്‍വലിക്കാനുള്ള നടപടികളൊന്നും ഇനിയും സ്വീകരിച്ചിട്ടില്ല.

ഉക്രെയ്ന്‍ സൈനികര്‍ സാധാരണക്കാര്‍ക്കെതിരെ മാരകവും പ്രകോപനവുമില്ലാത്ത ആക്രമണങ്ങള്‍ നടത്തിയെന്ന് ആരോപണവുമായി വിമത നേതാക്കള്‍ രംഗത്തുവന്നു. റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനിലായിരുന്നു ഈ ദൃശ്യങ്ങളെത്തിയത്. ആരോപണം ഉക്രൈന്‍ നിഷേധിച്ചു. എന്നാല്‍, കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നിയന്ത്രണ പ്രദേശങ്ങളില്‍ ആറ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.