head2
head 3
head1

പലായനം ചെയ്യുന്നവരുടെ എണ്ണം 100 മില്യണ്‍ കടന്നു…

ജനീവ : ലോകത്തില്‍ ഇത് പലായനത്തിന്റെ കാലമാണ്. യുദ്ധം, അക്രമം, മനുഷ്യാവകാശ ലംഘനം, പീഡനം തുടങ്ങിയവയില്‍ നിന്നൊക്കെ രക്ഷപ്പെടാനായി എങ്ങോട്ടെന്നില്ലാതെ ജനകോടികള്‍ സ്വന്തം രാജ്യം ഉപേക്ഷിച്ചു പോവുകയാണ്. വിവിധങ്ങളായ കാരണങ്ങളാല്‍ പലായനം ചെയ്യുന്നവരുടെ എണ്ണം ആദ്യമായി 100 മില്യണ്‍ കടക്കുന്നതായി യുഎന്‍ റഫ്യൂജി ഏജന്‍സിയായ യു എന്‍ എച്ച് സി ആര്‍ സ്ഥിരീകരിച്ചു. ഉക്രൈന്‍ യുദ്ധവും മറ്റ് രക്തരൂക്ഷിത സംഭവങ്ങളുമാണ് ലോകത്തില്‍ പലായനത്തിന്റെ ആക്കം കൂട്ടിയതെന്ന് ഏജന്‍സി വെളിപ്പെടുത്തുന്നു.

ഉക്രൈന്‍ യുദ്ധത്തിന് പുറമേ, അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവും യമനിലെ ആഭ്യന്തര യുദ്ധവുമെല്ലാം അഭയാര്‍ഥി പ്രവാഹത്തിന് ആക്കം കൂട്ടി. മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ പ്രതിസന്ധിയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പലായനം തുടരുന്നതിന് കാരണമായെന്ന് ഏജന്‍സി വിശദീകരിച്ചു.

ഒരിക്കലും നേടാന്‍ പാടില്ലാത്ത ഒരു റെക്കോഡ്

ഒരിക്കലും നേടാന്‍ പാടില്ലാത്ത ഒരു റെക്കോഡായിരുന്നു ഇതെന്ന് യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. ലോകജനസംഖ്യയുടെ ഒരു ശതമാനത്തെയാണ് 100 മില്യണ്‍ എന്ന ഈ കണക്ക് പ്രതിനിധീകരിക്കുന്നത്.

അഭയാര്‍ഥികള്‍, (അസൈലം സീക്കേഴ്സ്), സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്തവര്‍ എന്നിവരുടെ എണ്ണം 53.2 മില്യനാണ്. 2021 അവസാനത്തോടെ നിര്‍ബന്ധിത പലായനത്തിന് ഇരയായവരുടെ എണ്ണം 90 മില്യണിലെത്തും.

എത്യോപ്യ, ബുര്‍ക്കിന ഫാസോ, മ്യാന്‍മര്‍, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, കോംഗോ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അക്രമങ്ങളും നീളുന്ന സംഘര്‍ഷങ്ങളുമാണ് പലായനത്തിന്റെ കണക്ക് 100 മില്യണിലെത്തിക്കുന്നതെന്ന് യു എന്‍ ഏജന്‍സി പറയുന്നു.

Comments are closed.